BusinessFinanceNews

സ്വർണവില ഇനിയും കുതിക്കുമോ? GST 5% ആക്കാൻ കേന്ദ്ര നീക്കം, ആശങ്കയിൽ വ്യാപാര മേഖലയും ഉപഭോക്താക്കളും

കൊച്ചി: രാജ്യത്തെ ജിഎസ്ടി നികുതി ഘടന പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്കയിലായി സ്വർണവ്യാപാര മേഖല. GST സ്ലാബുകൾ പുനഃക്രമീകരിക്കുന്നതോടെ, സ്വർണത്തിന് നിലവിലുള്ള 3% നികുതി, ഏറ്റവും കുറഞ്ഞ സ്ലാബായ 5 ശതമാനത്തിലേക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രാബല്യത്തിൽ വന്നാൽ സ്വർണവില പവന് ആയിരത്തിലധികം രൂപ വർധിക്കാൻ കാരണമാകും.

ജിഎസ്ടി സ്ലാബുകൾ നാലിൽ നിന്ന് രണ്ടാക്കി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകൾ വരാനാണ് സാധ്യത. ഇതോടെ, നിലവിൽ 3 ശതമാനം എന്ന പ്രത്യേക നിരക്കിലുള്ള സ്വർണ്ണത്തെ, പുതിയ ഏറ്റവും കുറഞ്ഞ സ്ലാബായ 5 ശതമാനത്തിലേക്ക് മാറ്റിയേക്കുമെന്നാണ് വ്യാപാര മേഖലയുടെ ഭയം.

നിലവിൽ ഒരു പവൻ സ്വർണത്തിന് (ഏകദേശം ₹75,000) ഉപഭോക്താവ് നൽകുന്നത് 2300 രൂപയോളം ജിഎസ്ടിയാണ്. നികുതി 5% ആകുന്നതോടെ ഇത് ₹3750 രൂപയായി ഉയരും. ഇതിന് പുറമെ പണിക്കൂലിയുടെ നികുതി കൂടി ചേരുമ്പോൾ ഉപഭോക്താവിന് വലിയ സാമ്പത്തിക ഭാരമാകും.

സ്വർണത്തിന്റെ 6% ഇറക്കുമതി തീരുവ കുറച്ചതിന് ശേഷം ജിഎസ്ടി വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും സൂചനകളുണ്ട്. എന്നാൽ, ഇറക്കുമതി തീരുവ കുറയ്ക്കുമ്പോൾ വിലയിൽ നേരിയ കുറവുണ്ടായാലും, ജിഎസ്ടി 2% വർധിക്കുന്നത് ആത്യന്തികമായി ഉപഭോക്താവിന് കൂടുതൽ ഭാരം നൽകുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

ദുബായിൽ സ്വർണത്തിന് ഇറക്കുമതി തീരുവയില്ലെന്നും, ആഭരണങ്ങൾക്ക് 5% ജിഎസ്ടി മാത്രമാണുള്ളതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലും സമാനമായ ഘടനയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. എന്നാൽ, സ്വർണത്തിന്റെ ജിഎസ്ടി 3 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നാണ് സ്വർണവ്യാപാരികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് അസോസിയേഷൻ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.