BusinessFinanceNews

മദ്യത്തിനും പുകയിലക്കും വില കുത്തനെ ഉയരും! GSTക്ക് പുറമെ പാപ നികുതിയും

ന്യൂഡൽഹി: സിഗരറ്റ്, പാൻ മസാല, മദ്യം തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങളുടെ വില കുത്തനെ കൂട്ടാൻ വഴിയൊരുക്കുന്ന നിർണ്ണായക ശുപാർശയുമായി വിദഗ്ദ്ധർ. നിലവിലെ GSTക്ക് പുറമെ, ‘പാപ നികുതി’ (Sin Tax) എന്ന പേരിൽ ഉയർന്ന നിരക്കിലുള്ള ഒരു പ്രത്യേക നികുതി കൂടി ഈ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തണമെന്നാണ് ശുപാർശ. ജിഎസ്ടി ഘടന പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് നടപ്പായാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വില ഗണ്യമായി വർധിക്കും.

എന്താണ് ‘പാപ നികുതി’?

ആരോഗ്യത്തിന് ഹാനികരമായതും സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ചുമത്തുന്ന അധിക നികുതിയാണ് ‘പാപ നികുതി’. നിലവിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടിയും കോമ്പൻസേഷൻ സെസ്സും ചേരുമ്പോൾ 60% മുതൽ 200% വരെയാണ് നികുതി ഭാരം. ഈ കോമ്പൻസേഷൻ സെസ്സ് ഡിസംബറോടെ അവസാനിക്കുന്ന സാഹചര്യത്തിൽ, നികുതി നിരക്ക് കുറയാതിരിക്കാനും വരുമാനം നിലനിർത്താനും ലക്ഷ്യമിട്ടാണ് പുതിയ ‘പാപ നികുതി’ എന്ന ആശയം വരുന്നത്.

ജിഎസ്ടി പരിഷ്കാരത്തിന്റെ ഭാഗമായി ഇത്തരം ഉൽപ്പന്നങ്ങളെ 40% എന്ന പ്രത്യേക സ്ലാബിൽ ഉൾപ്പെടുത്താനും, അതിനു പുറമെയായിരിക്കും പുതിയ ‘പാപ നികുതി’ ചുമത്തുക. ഈ പുതിയ നികുതിക്ക് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായി (50:50) പങ്കുവെക്കാവുന്ന ഒരു പൊതുവായ അടിസ്ഥാന നിരക്ക് (Floor Rate) വേണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

പുതിയ നികുതിയുടെ ആവശ്യം

ഒരേ ഉൽപ്പന്നത്തിന് ഓരോ സംസ്ഥാനത്തും വ്യത്യസ്ത നികുതി ഘടന വരുന്നത് ഒഴിവാക്കാനും, നികുതി കുറച്ച് വിപണി പിടിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമം (“race to the bottom”) തടയാനും ഒരു ഏകീകൃത നികുതി ഘടന ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ സംവിധാനത്തിൽ, അടിസ്ഥാന നിരക്കിന് മുകളിൽ അല്പം നികുതി വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകിയേക്കാം.

“ലഹരി ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളുടെ പൂർണ്ണമായ ചെലവ് നികുതിയിൽ പ്രതിഫലിക്കണം. ഉദാഹരണത്തിന്, ഒരു ലിറ്റർ ശുദ്ധമായ മദ്യം 500 രൂപയുടെ സാമൂഹിക നഷ്ടമുണ്ടാക്കുന്നുവെങ്കിൽ, 6% ആൽക്കഹോൾ ഉള്ള ഒരു ലിറ്റർ ബിയറിന് 30 രൂപ എക്സൈസ് തീരുവ ചുമത്തണം,” നികുതി വിദഗ്ദ്ധനായ അർബിന്ദ് മോദി അഭിപ്രായപ്പെട്ടു.

ജിഎസ്ടി ഘടനാമാറ്റം

ധനമന്ത്രാലയം മന്ത്രിമാരുടെ സമിതിക്ക് നൽകിയ ശുപാർശ പ്രകാരം ജിഎസ്ടിക്ക് മൂന്ന് പ്രധാന സ്ലാബുകൾ വന്നേക്കാം – 5% (അവശ്യ സാധനങ്ങൾക്ക്), 18% (പൊതുവായ നിരക്ക്), 40% (ആഡംബര, ലഹരി ഉൽപ്പന്നങ്ങൾക്ക്). ഇതിൽ 40% സ്ലാബിൽ വരുന്ന ഉൽപ്പന്നങ്ങൾക്കായിരിക്കും ജിഎസ്ടിക്ക് പുറമെ ‘പാപ നികുതി’ കൂടി ബാധകമാവുക. എന്നാൽ, പുതിയ നികുതിയുടെ ഘടനയെക്കുറിച്ച് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.