
ആലപ്പുഴ: കൊമ്മാടിയിൽ മകൻ മാതാപിതാക്കളെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ചാത്തനാട് പനവേലി പുരയിടത്തിൽ തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനായ ബാബുവിനെ (47) പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായ ബാബു വീട്ടിലുണ്ടാക്കിയ വഴക്കാണ് കൊടുംക്രൂരതയിൽ കലാശിച്ചത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ബാബു മാതാപിതാക്കളുമായി വഴക്കിടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും വീട്ടിൽ സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു, ഇതിന്റെ തുടർച്ചയായിരുന്നു ഇന്നത്തെ സംഭവങ്ങൾ. വഴക്ക് മൂർച്ഛിച്ചതോടെ ബാബു ആദ്യം അമ്മയായ ആഗ്നസിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന് രക്ഷപ്പെടാനായി ഓടിയ അച്ഛൻ തങ്കരാജിനെ ബാബു പിന്നാലെ ഓടിച്ചിട്ട് വെട്ടിവീഴ്ത്തി.
ആഗ്നസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വീട്ടിലേക്കുള്ള വഴിയിലാണ് തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പോലീസ് നടത്തിയ തിരച്ചിലിൽ പിടികൂടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.