
തിരുവനന്തപുരം: തുടർച്ചയായ റെക്കോർഡ് കുതിപ്പിനൊടുവിൽ സംസ്ഥാനത്ത് സ്വർണവിലയ്ക്ക് ആശ്വാസകരമായ കുറവ്. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 75,560 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 9,445 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 2,560 രൂപ വർധിച്ച ശേഷമാണ് ഈ വിലയിടിവ്. ഓണം, വിവാഹ സീസണുകൾക്ക് മുന്നോടിയായി ആഭരണം വാങ്ങാനൊരുങ്ങുന്നവർക്ക് ഇത് നേരിയ ആശ്വാസം നൽകുന്നു.
വില കുറയാൻ കാരണം ട്രംപിന്റെ പിന്മാറ്റം
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണക്കട്ടികൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീങ്ങുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയരാൻ കാരണമായത്. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,405 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ, പുതിയ തീരുവകളിൽ നിന്ന് സ്വർണത്തെ ഒഴിവാക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതോടെയാണ് ആഗോള വിപണിയിൽ വില താഴ്ന്നത്. അന്താരാഷ്ട്ര വില ഔൺസിന് 3,394 ഡോളർ നിലവാരത്തിലേക്ക് എത്തിയതോടെയാണ് കേരളത്തിലും വില കുറഞ്ഞത്.
മറ്റ് നിരക്കുകൾ
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 മുതൽ 20 രൂപ വരെ കുറഞ്ഞ് 7,805 രൂപയിലും 7,755 രൂപയിലുമായി വ്യാപാരം നടക്കുന്നു. 14 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,035 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 125 രൂപയിൽ തുടരുന്നു.