News

മധ്യവേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ വലുതാണെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സമീപകാല വിവാദങ്ങളിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തക പരിഷ്കരണം, ജെൻഡർ ന്യൂട്രൽ യൂണിഫോം, സ്കൂൾ സമയമാറ്റം, ഗവർണറുമായുള്ള ഏറ്റുമുട്ടൽ തുടങ്ങി രാഷ്ട്രീയ-വ്യക്തിപരമായ വിഷയങ്ങളിൽ വരെ മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയിൽ മന്ത്രി നിലപാട് വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ തെറ്റിദ്ധാരണ പരത്തി വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോം, പാഠപുസ്തകത്തിലെ ചില പരാമർശങ്ങൾ, പാദപൂജ വിവാദം എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.

സ്കൂൾ സമയമാറ്റം സംബന്ധിച്ച് സമസ്തയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം ഉറപ്പുനൽകി. മധ്യവേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പുണ്ടെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള പ്രശ്നങ്ങളിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്ഭവനിലെ പരിപാടിയിൽ നിന്ന് താൻ ഇറങ്ങിപ്പോയത് ബോധപൂർവമാണെന്നും സർക്കാരിനെതിരെ നിരന്തരം നിലപാടെടുക്കുന്ന ഗവർണറുടെ വേദിയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെങ്കിലും ചില വ്യക്തിപരമായ ആക്ഷേപങ്ങൾ വേദനിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി തുറന്നുപറഞ്ഞു. നിയമസഭയിലെ തന്റെ ശൈലി മാറിയെന്നും മുൻപത്തെപ്പോലെ സമരങ്ങളിൽ സജീവമാകാൻ ഇപ്പോൾ കഴിയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ ലഭിക്കാൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ചാനലില്‍ ജോയിൻ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q