
സിപിഎമ്മിന്റെ നിയമവിരുദ്ധ പ്രവർത്തനം വെളിപ്പെടുത്തിയ ജി. സുധാകരന് പ്രതിപക്ഷ നേതാവിന്റെ പിന്തുണ
സി.പി.എമ്മിലെ ജീർണത ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ ഇനിയും തുറന്നു കാട്ടുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ ഭാഗമായുള്ള തുറന്നു പറച്ചിലാണ് മുതിർന്ന സി.പി.എം നേതാവ് ജി സുധാകരൻ ഇന്ന് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈകിയ വേളയിലെങ്കിലും സി.പി.എം നടത്തിയ ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ തുറന്നു കാട്ടാൻ ധൈര്യം കാട്ടിയ ജി. സുധാകരനെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സ്വമേധയാ കേസെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും സ്വാഗതാർഹമാണ്.
രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും മാത്രമല്ല, ജനാധിപത്യത്തെയും സി.പി.എം അട്ടിമറിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കണ്ണൂരിൽ ഉൾപ്പെടെ മുൻ തിരഞ്ഞെടുപ്പുകളിൽ സി.പി.എം വ്യാപകമായി ബൂത്തുകൾ പിടിച്ചെടുക്കുകയും കള്ളവോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ അതത് കാലങ്ങളിൽ കോൺഗ്രസും യു.ഡി.എഫും ചൂണ്ടിക്കാട്ടിയതുമാണ്. അതു തന്നെയാണ് കാലങ്ങൾക്ക് ശേഷം ജി. സുധാകരനും തുറന്നു സമ്മതിച്ചിരിക്കുന്നത് – വി.ഡി. സതീശൻ പറഞ്ഞു.
സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ ഭാഗമായുണ്ടായ തുറന്നു പറച്ചിലാണ് ജി സുധാകരൻ നടത്തിയിരിക്കുന്നത്. പാർട്ടി സെക്രട്ടറിക്കും മുകളിലേക്ക് പിണറായി വിജയൻ വളരുകയും അധികാരത്തെ അഴിമതിക്ക് വേണ്ടി മാത്രം വിനിയോഗിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ജീർണത ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ജി. സുധാകരനെ പോലെ ആത്മാഭിമാനമുള്ള ഉത്തമ കമ്മ്യൂണിസ്റ്റുകൾ ഇത്തരം ചെയ്തികൾ തുറന്നു പറയുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.