BookMedia

അഴീക്കോട് പുരസ്‌കാരം നിരസിച്ച ദിനം; ഉമ്മൻ ചാണ്ടിയുടെ മനുഷ്യത്വവും രാഷ്ട്രീയതന്ത്രവും വെളിപ്പെടുത്തി പി.ടി. ചാക്കോ

തിരുവനന്തപുരം: സുകുമാർ അഴീക്കോട് എഴുത്തച്ഛൻ പുരസ്‌കാരം നിരസിച്ചപ്പോൾ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ പ്രതികരിച്ചതെങ്ങനെ? ആ കഥ ഓർമ്മപ്പെടുത്തുകയാണ് മുൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ ഉമ്മൻ ചാണ്ടിയുമൊത്തുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം.

പുരസ്‌കാരം വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി

എഴുത്തച്ഛൻ പുരസ്‌കാരം ഉമ്മൻ ചാണ്ടിയുടെ കയ്യിൽ നിന്ന് വാങ്ങാൻ സുകുമാർ അഴീക്കോട് വിസമ്മതിച്ച സംഭവം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പത്രക്കുറിപ്പ് തയ്യാറാക്കിയത് താനായിരുന്നുവെന്ന് ചാക്കോ ഓർക്കുന്നു. എന്നാൽ ആ കുറിപ്പിൽ, ഉമ്മൻ ചാണ്ടി സ്വന്തമായി ഒരു ഖണ്ഡിക കൂടി എഴുതിച്ചേർത്തു. “അഴീക്കോട് മാഷിന്റെ പുരസ്‌കാരലബ്ധിയിൽ അതിയായ സന്തോഷമുണ്ട്, എന്നാൽ എന്റെ കയ്യിൽ നിന്ന് വാങ്ങില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ നിരാശനാക്കുന്നു. അദ്ദേഹത്തിന് സമ്മതമാണെങ്കിൽ പുരസ്കാരം മറ്റാരെക്കൊണ്ടെങ്കിലും സമ്മാനിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കാൻ ഞാൻ തയ്യാറാണ്” – ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ. ഈ ഒരു വാചകത്തിൽ അഴീക്കോടിന്റെ പ്രതിഷേധത്തിന്റെ മുനയൊടിഞ്ഞു. പിന്നീട് അദ്ദേഹം പുരസ്‌കാരം സ്വീകരിക്കുകയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

കണ്ണുനനയിച്ച ഓർമ്മകൾ

നിർമ്മാതാവ് എം. രഞ്ജിത്ത് പങ്കുവെച്ച ഒരു അനുഭവവും ചാക്കോ വിവരിച്ചു. 1980-കളിൽ ആംബുലൻസ് സൗകര്യം പോലുമില്ലാതിരുന്ന ഒരു സാഹചര്യത്തിൽ, തന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ഇടപെടലാണ് അദ്ദേഹത്തിന് 10-20 വർഷം കൂടി ആയുസ്സ് നീട്ടിക്കൊടുത്തതെന്ന് രഞ്ജിത്ത് വികാരഭരിതനായി പറഞ്ഞിരുന്നു. അതുപോലെ, മൂന്നാറിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രാജൻ എന്ന വിദ്യാർത്ഥിക്ക് വിദേശത്ത് പഠിക്കാനുള്ള തടസ്സങ്ങൾ നീക്കി, സ്വകാര്യ വ്യക്തികളിൽ നിന്ന് പണം കണ്ടെത്തി ഇംഗ്ലണ്ടിൽ അയച്ചതും ഉമ്മൻ ചാണ്ടിയുടെ മനുഷ്യത്വപരമായ ഇടപെടലിന്റെ ഉദാഹരണമായി ചാക്കോ ഓർക്കുന്നു.

വകുപ്പിലെ ഏറ്റവും ജൂനിയർ ആയിരുന്നിട്ടും തന്നെ പ്രസ് സെക്രട്ടറിയായി നിയമിച്ചതും, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പ്രശ്നബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി വിഷയങ്ങൾ പഠിച്ചതും ചാക്കോ പങ്കുവെച്ചു. ഈ ഓർമ്മകളെല്ലാം ചേർത്തുവെച്ച് താൻ രചിച്ച “വിസ്മയതീരത്ത്” എന്ന പുസ്തകം അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തിരുന്നു.