
മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 11 പൈസയുടെ ഇടിവ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് തുടർച്ചയായി ഫണ്ടുകൾ പിൻവലിക്കുന്നതും ആഗോള വ്യാപാര താരിഫുകളെക്കുറിച്ചുള്ള ആശങ്കകളുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇതോടെ വിനിമയ നിരക്ക് 87.29 രൂപയിലെത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 87.21 രൂപയിലാണ് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്. താമസിയാതെ ഇത് 87.29 എന്ന നിലയിലേക്ക് താഴുകയായിരുന്നു. വെള്ളിയാഴ്ച 87.18 രൂപയിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
അതേസമയം, ആഗോള വിപണിയിൽ ഡോളർ സൂചിക ദുർബലമായതും ക്രൂഡ് ഓയിൽ വില കുറഞ്ഞതും രൂപയുടെ കൂടുതൽ വലിയ പതനം തടഞ്ഞു. സെപ്റ്റംബറിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് തീരുമാനിച്ചതോടെ ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 0.26% കുറഞ്ഞ് 69.49 ഡോളറിലെത്തി. ലോകത്തിലെ പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ സൂചിക 0.40% ഇടിഞ്ഞ് 98.74-ൽ എത്തി.
“ഇന്ന് രാവിലെ 87.20 നിലവാരത്തിൽ വ്യാപാരം ആരംഭിച്ച രൂപ, 87.00 നും 87.50 നും ഇടയിൽ തുടരാനാണ് സാധ്യത,” ഫിൻറെക്സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപിയുടെ ട്രഷറി മേധാവി അനിൽ കുമാർ ബൻസാലി പറഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 262.08 പോയിന്റ് ഉയർന്ന് 80,861.99 ലും നിഫ്റ്റി 98.50 പോയിന്റ് ഉയർന്ന് 24,663.85 ലും എത്തി. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 3,366.40 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു.