
കാമുകനെ രക്ഷിക്കാൻ 15-കാരിയുടെ കള്ളമൊഴി; പോക്സോ കേസിൽ 75-കാരൻ ജയിലിൽ കിടന്നത് 285 ദിവസം; ഒടുവിൽ കുറ്റവിമുക്തൻ
ആലപ്പുഴ: കാമുകനെ രക്ഷിക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസിൽ പ്രതിയായി 285 ദിവസം ജയിലിൽ കഴിഞ്ഞ 75-കാരനെ ഒടുവിൽ കോടതി കുറ്റവിമുക്തനാക്കി. വിചാരണയ്ക്കിടെ പെൺകുട്ടി തന്നെ സത്യം തുറന്നുപറഞ്ഞതോടെയാണ്, ആലപ്പുഴ അഡീഷണൽ സെഷൻസ് പോക്സോ പ്രത്യേക കോടതിയുടെ ഈ സുപ്രധാന വിധി.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു നിരപരാധിയായ വയോധികൻ. പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് നല്ല അടുപ്പമുണ്ടായിരുന്നു. യഥാർത്ഥത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ ആൺസുഹൃത്തായിരുന്നു. എന്നാൽ, പോലീസിൽ പരാതി എത്തിയപ്പോൾ, കാമുകനെ രക്ഷിക്കുന്നതിനായി പെൺകുട്ടി വയോധികന്റെ പേര് പറയുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വയോധികനെ അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ജാമ്യം പോലും ലഭിക്കാതെ 285 ദിവസമാണ് ഇദ്ദേഹം ജയിലിൽ കഴിഞ്ഞത്. 2023-ൽ വിചാരണ ആരംഭിച്ചപ്പോൾ, കേസിലെ ഒന്നാം സാക്ഷിയായ പെൺകുട്ടി കോടതിയിൽ സത്യം വെളിപ്പെടുത്തി. താൻ കള്ളം പറഞ്ഞതാണെന്നും, യഥാർത്ഥ പ്രതി തന്റെ ആൺസുഹൃത്താണെന്നും അവൾ ഏറ്റുപറഞ്ഞു.
ഇതോടെ, പോലീസ് ആൺസുഹൃത്തിനെതിരെ പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും, 285 ദിവസത്തിന് ശേഷം വയോധികന് ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ, കേസ് അവസാനിപ്പിക്കാൻ പോലീസ് തയ്യാറാകാതെ, വയോധികനെതിരെ വീണ്ടും അഡീഷണൽ കുറ്റപത്രം സമർപ്പിച്ചത് കേസിൽ വിചിത്രമായ വഴിത്തിരിവായി.
ഒടുവിൽ, പെൺകുട്ടി വീണ്ടും കോടതിയിൽ വയോധികൻ നിരപരാധിയാണെന്ന് ആവർത്തിച്ചതോടെയും, മറ്റ് സാക്ഷിമൊഴികൾ പരിഗണിച്ചുമാണ് ജഡ്ജി റോയ് വർഗീസ് ഇദ്ദേഹത്തെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയത്.