
സിഡ്നി: സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നമാണ്. എന്നാൽ, ഓസ്‌ട്രേലിയയിൽ 18 വീടുകളുടെ ഉടമകളായ ഒരു ഇന്ത്യൻ ദമ്പതികൾ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി വീട് വാങ്ങുന്നത് പലപ്പോഴും ഒരു ‘ചെലവേറിയ അബദ്ധ’മാണെന്നും, വാടകയ്ക്ക് താമസിക്കുന്നതാണ് സാമ്പത്തികമായി കൂടുതൽ ലാഭകരമെന്നും ഇവർ പറയുന്നു.
ഐടി, ബാങ്കിംഗ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന റാസ്തി വൈഭവ് (48), രൂപാലി റസ്തോഗി (43) എന്നിവരാണ് ഈ വേറിട്ട ജീവിതരീതിയിലൂടെ ശ്രദ്ധ നേടുന്നത്. 2006-ലാണ് ഇവർ സിംഗപ്പൂരിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. 2011-ൽ തങ്ങളുടെ ആദ്യത്തെ നിക്ഷേപമെന്ന നിലയിൽ 4.4 ലക്ഷം ഡോളറിന് ഒരു വീട് വാങ്ങി. ഇന്ന്, സിഡ്നി, മെൽബൺ, ബ്രിസ്ബേൻ, പെർത്ത് എന്നിവിടങ്ങളിലായി 11.3 ദശലക്ഷം ഡോളർ (ഏകദേശം 94 കോടി രൂപ) വിലമതിക്കുന്ന 18 പ്രോപ്പർട്ടികളാണ് ഇവർക്ക് സ്വന്തമായുള്ളത്.
എന്തുകൊണ്ട് വാടകവീട്?
ഇത്രയധികം സ്വത്തുക്കളുണ്ടായിട്ടും, സിഡ്നിയിലെ കടൽത്തീരത്തിനടുത്തുള്ള ഒരു വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമായ ഒരു സാമ്പത്തിക തന്ത്രമുണ്ട്. “ആളുകൾക്ക് സ്വന്തം വീടിനോട് ഒരു വൈകാരികമായ അടുപ്പമുണ്ട്, പക്ഷെ അത് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഞങ്ങൾ അത്ര പരമ്പരാഗതമല്ലാത്ത ഒരു വഴിയാണ് തിരഞ്ഞെടുത്തത്. നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് വാടകയ്ക്ക് താമസിക്കുക, വരുമാനം ലഭിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കുക,” എന്ന് വൈഭവ് പറയുന്നു.
കടൽത്തീരത്തിനടുത്തുള്ള ഒരു വീട് സ്വന്തമാക്കാൻ പ്രതിവർഷം 2,30,000 ഡോളർ മോർട്ട്ഗേജ് അടയ്ക്കുന്നതിനേക്കാൾ എത്രയോ ലാഭമാണ്, 1,00,000 ഡോളർ വാടക നൽകുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പകരം, വളർച്ചാ സാധ്യതയുള്ള, മികച്ച വാടക വരുമാനം ലഭിക്കുന്ന സ്ഥലങ്ങളിൽ താങ്ങാനാവുന്ന വിലയ്ക്ക് വീടുകൾ വാങ്ങി നിക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്.
‘റെന്റ്-വെസ്റ്റിംഗ്’ എന്ന പുതിയ തന്ത്രം
‘റെന്റ്-വെസ്റ്റിംഗ്’ (Rent-vesting) എന്നറിയപ്പെടുന്ന ഈ തന്ത്രം, സിഡ്നി പോലുള്ള നഗരങ്ങളിൽ വീടുകൾക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏറെ പ്രചാരം നേടുന്നുണ്ട്. സ്വന്തം പണം മുഴുവൻ ഒരൊറ്റ ആഡംബര വീട്ടിൽ നിക്ഷേപിക്കുന്നതിന് പകരം, ഇഷ്ടമുള്ള സ്ഥലത്ത് വാടകയ്ക്ക് താമസിച്ച്, മറ്റ് പലയിടങ്ങളിലായി നിക്ഷേപം നടത്തുന്നതാണ് ഈ രീതി.
തങ്ങളുടെ മകൾക്ക് കടൽത്തീരത്തിനടുത്തുള്ള ജീവിതശൈലി ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നതെന്നും, വലിയൊരു മോർട്ട്ഗേജിന്റെ ഭാരമില്ലാതെ മികച്ച സ്കൂളിൽ പഠിപ്പിക്കാൻ ഇത് സഹായിക്കുന്നുവെന്നും രൂപാലി റസ്തോഗി പറയുന്നു.
‘ഗെറ്റ് റെയർ പ്രോപ്പർട്ടീസ്’ എന്ന പേരിൽ ഒരു ബയേഴ്സ് ഏജൻസി നടത്തുന്ന ഇവർ, മറ്റുള്ളവരെയും ഈ സാമ്പത്തിക തന്ത്രം പഠിപ്പിക്കുന്നുണ്ട്. തങ്ങൾക്കും സ്വന്തമായി ഒരു സ്വപ്ന ഭവനം വേണമെന്ന ആഗ്രഹം ഇവർക്കുണ്ട്, പക്ഷെ അത് തങ്ങളുടെ സാമ്പത്തിക ഭാവി പൂർണ്ണമായി സുരക്ഷിതമാക്കിയതിന് ശേഷം മാത്രം.