BusinessFinance

ജിയോ ബ്ലാക്ക് റോക്ക് മ്യൂച്വൽ ഫണ്ട് വരുന്നു; 500 രൂപ മുതൽ നിക്ഷേപം, അറിയേണ്ടതെല്ലാം

മുംബൈ: റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസും ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കും ചേർന്ന് രൂപീകരിച്ച ജിയോ ബ്ലാക്ക് റോക്ക് മ്യൂച്വൽ ഫണ്ടിന് സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അംഗീകാരം. ആദ്യഘട്ടത്തിൽ നാല് ഇൻഡെക്സ് ഫണ്ടുകളാണ് കമ്പനി പുറത്തിറക്കുന്നത്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും നിക്ഷേപം നടത്താൻ അവസരമൊരുക്കുന്ന ഈ നീക്കം, ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

500 രൂപയുടെ ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന ഈ ഫണ്ടുകൾ, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപകരിലേക്ക് എത്തുന്നതിനാൽ ചെലവ് കുറവായിരിക്കും.

പുതിയ നാല് ഇൻഡെക്സ് ഫണ്ടുകൾ

മൂന്ന് ഇക്വിറ്റി-ഓറിയന്റഡ് ഇൻഡെക്സ് ഫണ്ടുകളും, ഒരു ഡെറ്റ്-ഓറിയന്റഡ് ഇൻഡെക്സ് ഫണ്ടുമാണ് ആദ്യഘട്ടത്തിൽ അവതരിപ്പിക്കുന്നത്.

  1. ജിയോബ്ലാക്ക് റോക്ക് നിഫ്റ്റി മിഡ്ക്യാപ് 150 ഇൻഡെക്സ് ഫണ്ട്: നിഫ്റ്റി മിഡ്ക്യാപ് 150 സൂചികയെ പിന്തുടരുന്ന ഈ ഫണ്ട്, ഈ സൂചികയുടെ ഭാഗമായ കമ്പനികളിലായിരിക്കും 95-100% വരെ നിക്ഷേപം നടത്തുക.
  2. ജിയോബ്ലാക്ക് റോക്ക് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡെക്സ് ഫണ്ട്: നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പിന്തുടരുന്ന ഈ ഫണ്ട്, ആ സൂചികയിലെ കമ്പനികളിൽ നിക്ഷേപം നടത്തും.
  3. ജിയോബ്ലാക്ക് റോക്ക് നിഫ്റ്റി സ്മോൾക്യാപ് 250 ഇൻഡെക്സ് ഫണ്ട്: നിഫ്റ്റി സ്മോൾക്യാപ് 250 സൂചികയുടെ പ്രകടനത്തിനനുസരിച്ച് നിക്ഷേപം നടത്തുന്ന ഫണ്ടാണിത്.
  4. ജിയോബ്ലാക്ക് റോക്ക് നിഫ്റ്റി 8-13 വർഷ ജി-സെക് ഇൻഡെക്സ് ഫണ്ട്: സർക്കാർ കടപ്പത്രങ്ങളിൽ (Gilt Securities) നിക്ഷേപിക്കുന്ന, താരതമ്യേന കുറഞ്ഞ ക്രെഡിറ്റ് റിസ്കുള്ള ഒരു ഡെറ്റ് ഫണ്ടാണിത്.

നിക്ഷേപം ഇങ്ങനെ

  • കുറഞ്ഞ നിക്ഷേപം: ഒറ്റത്തവണയായി (Lumpsum) 500 രൂപ നിക്ഷേപിച്ച് തുടങ്ങാം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയും പ്രതിമാസം കുറഞ്ഞത് 500 രൂപ മുതൽ നിക്ഷേപിക്കാം.
  • ഡയറക്ട് പ്ലാൻ മാത്രം: ഇടനിലക്കാരുടെ കമ്മീഷൻ ഒഴിവാക്കുന്നതിനായി, എല്ലാ ഫണ്ടുകളും ഡയറക്ട് പ്ലാനിൽ മാത്രമായിരിക്കും ലഭ്യമാകുക.

ഫണ്ട് മാനേജർമാർ

  • ഇക്വിറ്റി ഫണ്ടുകൾ: തൻവി കച്ചേരിയ, ആനന്ദ് ഷാ, ഹരേഷ് മേത്ത എന്നിവർ.
  • ഡെറ്റ് ഫണ്ട്: വിക്രാന്ത് മേത്ത, സിദ്ധാർത്ഥ് ദേബ്, അരുൺ രാമചന്ദ്രൻ എന്നിവർ.

ഈ വർഷം അവസാനത്തോടെ പന്ത്രണ്ടോളം ഇക്വിറ്റി, ഡെറ്റ് ഫണ്ടുകൾ കൂടി പുറത്തിറക്കാൻ ജിയോ ബ്ലാക്ക് റോക്കിന് പദ്ധതിയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.