
ന്യൂഡൽഹി: ദുബായിൽ വീടുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടിയ ഇന്ത്യക്കാർക്ക് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ആദായനികുതി വകുപ്പിന് പിന്നാലെ ഇ.ഡിയും നോട്ടീസ് അയച്ചു തുടങ്ങിയതോടെ, വിദേശത്ത് സ്വത്ത് സമ്പാദിച്ച പലരും വെട്ടിലായിരിക്കുകയാണ്.
നിയമപരമായ ബാങ്കിംഗ് സംവിധാനങ്ങൾ ഒഴിവാക്കി, ഹവാല, ക്രിപ്റ്റോകറൻസി തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ പണം കൈമാറിയ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
വിദേശത്ത് സ്ഥാവര സ്വത്തുക്കൾ വാങ്ങുന്നത് പോലുള്ള ഇടപാടുകൾക്ക് റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം, അംഗീകൃത ബാങ്കുകൾ വഴി മാത്രമേ പണം അയക്കാൻ പാടുള്ളൂ. എന്നാൽ ഈ നിയമം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും (PMLA), ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരവും അന്വേഷണം ആരംഭിച്ചത്.
അന്വേഷണം ഈ വഴികളിൽ
- ക്രിപ്റ്റോകറൻസി: ഇന്ത്യയിലുള്ള തങ്ങളുടെ സ്വകാര്യ വാലറ്റിൽ നിന്ന്, ദുബായിലെ ബിൽഡർമാരുടെ ക്രിപ്റ്റോ വാലറ്റിലേക്ക് നേരിട്ട് പണം കൈമാറിയ ഇടപാടുകൾ.
- ക്രെഡിറ്റ് കാർഡ്: പരിധിയില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടച്ചത്.
- ഹവാല: കുഴൽപ്പണ ശൃംഖലകൾ വഴി പണം ദുബായിൽ എത്തിച്ചത്.
പിടിക്കപ്പെട്ടത് എങ്ങനെ?
സാധാരണയായി രാജ്യങ്ങൾ തമ്മിലുള്ള വിവര കൈമാറ്റ കരാറുകൾ പ്രകാരം ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ പോലുള്ള സാമ്പത്തിക ആസ്തികളുടെ വിവരങ്ങൾ മാത്രമേ പങ്കുവെക്കാറുള്ളൂ. വീടുകൾ പോലുള്ള ഭൗതിക ആസ്തികളുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ, ഇന്ത്യൻ അധികാരികൾ അറിയില്ലെന്ന ധാരണയിലായിരുന്നു പലരും. എന്നാൽ, ദുബായിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
കാത്തിരിക്കുന്നത് കനത്ത പിഴ
നിയമവിരുദ്ധമായാണ് പണം കൈമാറിയതെന്ന് തെളിഞ്ഞാൽ, കള്ളപ്പണ നിയമപ്രകാരം വസ്തുവിന്റെ മൂല്യത്തിന്റെ 120% വരെ പിഴയും നികുതിയും നൽകേണ്ടി വരും. ഫെമ ലംഘനത്തിന് വസ്തുവിന്റെ മൂല്യത്തിന്റെ മൂന്നിരട്ടി വരെ പിഴ ഈടാക്കാം. ഹവാല പോലുള്ള മാർഗ്ഗമാണ് ഉപയോഗിച്ചതെങ്കിൽ, ആ സ്വത്ത് ‘കുറ്റകൃത്യത്തിന്റെ വരുമാനം’ ആയി കണക്കാക്കി കണ്ടുകെട്ടാനും, ജാമ്യമില്ലാത്ത ക്രിമിനൽ നടപടികൾ നേരിടാനും സാധ്യതയുണ്ട്.