GulfNews

ഗോൾഡൻ വിസ തട്ടിപ്പിൽ വീഴരുത്; 23 ലക്ഷത്തിന്റെ വാഗ്ദാനം വ്യാജം, യുഎഇയുടെ മുന്നറിയിപ്പ്

അബുദാബി: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്ക് 23 ലക്ഷം രൂപയ്ക്ക് (100,000 ദിർഹം) ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎഇ സർക്കാർ. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.

ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും നിയമങ്ങളും ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളിൽ വ്യക്തമായി നൽകിയിട്ടുണ്ടെന്നും, അപേക്ഷകൾ സർക്കാർ ചാനലുകളിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും അതോറിറ്റി വ്യക്തമാക്കി. യുഎഇക്ക് അകത്തോ പുറത്തോ ഉള്ള ഒരു കൺസൾട്ടൻസിക്കും വിസ നൽകാനോ അപേക്ഷകൾ കൈകാര്യം ചെയ്യാനോ അധികാരമില്ല.

പ്രചാരണത്തിന് പിന്നിൽ

ചില രാജ്യങ്ങളിലെ കൺസൾട്ടൻസികളാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ഐസിപി കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ലളിതമായ വ്യവസ്ഥകളോടെ ഗോൾഡൻ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ പണം തട്ടാൻ ശ്രമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകളെ ചൂഷണം ചെയ്ത് അനധികൃതമായി പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാർക്കായി യുഎഇ പുതിയ പൈലറ്റ് പദ്ധതി ആരംഭിച്ചുവെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. ഇത് ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, നിലവിൽ പ്രതിഭകൾക്കും മറ്റും നിക്ഷേപം ആവശ്യമില്ലാതെ നൽകുന്ന ‘നോമിനേഷൻ’ വിസയെയാണ് തെറ്റായ രീതിയിൽ പുതിയ പദ്ധതിയായി അവതരിപ്പിച്ചതെന്ന് വ്യക്തമായി.

ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളെയോ, ഐസിപിയുടെ സ്മാർട്ട് ആപ്ലിക്കേഷനെയോ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.