
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ ഭാഷാശേഷിയും വായനാശീലവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ക്ലാസ് മുറികളിൽ ദിവസവും പത്രവായന നിർബന്ധമാക്കി സർക്കാർ. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഭാഗമായുള്ള പുതിയ മാർഗ്ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പത്രവായനയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 10 ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്താണ് പുതിയ പദ്ധതി?
- ദിവസവും പത്രവായന: എല്ലാ ദിവസവും ക്ലാസുകളിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പത്രം വായിപ്പിക്കണം.
- ചർച്ചയും വിശകലനവും: വായിച്ച വാർത്തകളെക്കുറിച്ച് ക്ലാസിൽ ചർച്ചകളും വിശകലനങ്ങളും സംഘടിപ്പിക്കണം.
- തുടർപ്രവർത്തനങ്ങൾ: വായിച്ച വാർത്തകളെ അടിസ്ഥാനമാക്കി കുറിപ്പ് തയ്യാറാക്കുക, ആശയങ്ങൾ അവതരിപ്പിക്കുക, സംവാദങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തണം.
- മൂല്യനിർണ്ണയം: കുട്ടികളുടെ വായന, എഴുത്ത്, ആലാപനം, സർഗാത്മക രചന തുടങ്ങിയ കഴിവുകൾ സ്കൂൾ തല മൂല്യനിർണയത്തിൽ വിലയിരുത്തും.
ലക്ഷ്യങ്ങൾ
മാതൃഭാഷാ പഠനവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ, മാതൃഭാഷയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ഉയർന്ന ശേഷി കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ് ഉൾപ്പെടെയുള്ള ‘മലയാളം കമ്പ്യൂട്ടിംഗിലും’ കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് മാർഗരേഖ നിർദ്ദേശിക്കുന്നു.
ഈ അധ്യയന വർഷം ‘അക്കാദമിക ഗുണമേന്മ വർഷമായി’ ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. ഓരോ സ്കൂളും അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് തനതായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഈ പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.