CrimeKerala

കോളേജിലെ തർക്കം ഉത്സവപ്പറമ്പിലെ കൊലപാതകത്തിൽ കലാശിച്ചു; സൂരജ് വധത്തിൽ 10 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: ചേവായൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മായനാട് സ്വദേശി സൂരജ് കൊല്ലപ്പെട്ട സംഭവത്തിൽ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചെലവൂർ പെരയോട്ടിൽ മനോജ് കുമാർ, ഇയാളുടെ മക്കളായ അജയ് മനോജ്, വിജയ് മനോജ് എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.

ചേവായൂർ പ്രദേശത്തെ തിരുത്തിയാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കൾ ഏറ്റുമുട്ടുകയായിരുന്നു. എന്നാൽ, ചാത്തമംഗലം കോളേജിലെ സീനിയർ-ജൂനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കമാണ് സംഭവങ്ങളുടെ തുടക്കമെന്ന് സൂരജിന്റെ സുഹൃത്ത് പ്രത്യുഷ് മാധ്യമങ്ങളോട് പറഞ്ഞു.

സംഘർഷത്തിനിടെ ആൾക്കൂട്ടമെത്തി സൂരജിനെ മർദിക്കുകയായിരുന്നു. അശ്വന്തിനെ മർദിക്കാനാണ് അക്രമികൾ എത്തിയതെന്നും ഇത് തടയാൻ ശ്രമിച്ച സൂരജിനെ അവർ മർദിക്കുകയായിരുന്നുവെന്നും പ്രത്യുഷ് വെളിപ്പെടുത്തി. സൂരജിനെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നും, സംഘത്തിലുണ്ടായിരുന്ന വിജയ് നേരത്തെ തന്നെ അശ്വന്തിനെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രത്യുഷ് കൂട്ടിച്ചേർത്തു.

സംഘം ചേർന്നുള്ള അതിക്രൂരമായ മർദനത്തിൽ സാരമായി പരിക്കേറ്റ മായനാട് സ്വദേശി സൂരജിനെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കസ്റ്റഡിയിലുള്ള മനോജ് കുമാറും മക്കളും സൂരജിന്റെ അയൽവാസികളാണ്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കോളേജിൽ വെച്ച് അശ്വന്തും മനോജിന്റെ മക്കളും തമ്മിലുണ്ടായ പ്രശ്നത്തിൽ സൂരജ് ഇടപെട്ടിരുന്നു. ഇത് ചോദിക്കാൻ ഒരു സംഘം ആളുകൾ സൂരജിനെ കൂട്ടിക്കൊണ്ടുപോവുകയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

എന്നാൽ കോളേജിൽ സൂരജിന് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും, ഉത്സവപ്പറമ്പിൽ വെച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചപ്പോൾ തല്ലിത്തീർക്കാം എന്ന് പിടിയിലായ മനോജ് പറഞ്ഞുവെന്നും സൂരജിന്റെ സുഹൃത്തുക്കൾ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. സൂരജിനെ മർദിച്ച സംഘത്തിൽ ഇരുപതോളം ആളുകളുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു. സംഭവത്തിൽ ചേവായൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.