
‘മിണ്ടാതിരുന്ന് കേൾക്കാൻ ഞാൻ മദർ തെരേസയല്ല’; സൈബർ ആക്രമണങ്ങൾക്ക് രേണു സുധിയുടെ മറുപടി
നടൻ കൊല്ലം സുധിയുടെ മരണശേഷം അഭിനയരംഗത്ത് സജീവമായ രേണു സുധി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. ആൽബം ഗാനങ്ങളിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം സജീവമാകുന്ന രേണുവിനെതിരെ സൈബർ ആക്രമണങ്ങളും വർധിച്ചു വരികയാണ്.
ഇപ്പോഴിതാ തനിക്കെതിരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. ജാതിയും ജീവിത സാഹചര്യങ്ങളും പറഞ്ഞുപോലും ചിലർ സൈബർ ആക്രമണം നടത്താറുണ്ട്. അത്തരക്കാർക്ക് തക്ക മറുപടി നൽകുമെന്നും എന്നാൽ അത് അവരെപ്പോലെ മോശം ഭാഷയിലായിരിക്കില്ലെന്നും രേണു വ്യക്തമാക്കി. എല്ലാം സഹിക്കാൻ താൻ മദർ തെരേസയോ സന്യാസിനിയോ അല്ലെന്നും ഒരു സാധാരണ സ്ത്രീയാണെന്നും രേണു കൂട്ടിച്ചേർത്തു.
രേണു സുധിയുടെ വാക്കുകൾ:
‘ജാതി വിളിച്ച് ആക്ഷേപിക്കുന്നത് തെറ്റാണ്. ഞാൻ ഉന്നതകുല ജാതയൊന്നുമല്ല. എന്നെ അട്ടപ്പാടി, കോളനി എന്നൊക്കെ ചിലർ വിളിക്കാറുണ്ട്. ഞാൻ കോളനിയിൽ താമസിച്ചയാളാണ്. സുധി ചേട്ടൻ മരിച്ച സമയത്ത് ഞങ്ങൾ കോളനിയിലാണ് താമസിച്ചിരുന്നത്. അന്ന് ഞങ്ങൾക്ക് അതിനുള്ള സാഹചര്യമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഒരു വാടക വീട്ടിലായിരുന്നു താമസം. എന്നോട് ‘നീ ആ കോളനിയിൽ താമസിച്ചവളല്ലേടീ’ എന്ന് ചോദിച്ചാൽ, ‘അതേ ഞാൻ കോളനിയാണ്, നിനക്കെന്താ’ എന്ന് ഞാൻ തിരിച്ചു ചോദിക്കും. ഞാൻ മദർ തെരേസയൊന്നുമല്ല, എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് കേൾക്കാൻ. പക്ഷേ അവരൊന്നും പറയുന്നതുപോലെ ചീത്ത വാക്കുകളൊന്നും ഞാൻ പറയില്ല. ‘നീ പോടി’ എന്ന് പറഞ്ഞാൽ അതുപോലെ ‘പോടി’ എന്ന് തന്നെ പറയും. കാരണം ഞാൻ സന്യാസിനിയൊന്നുമല്ലല്ലോ, തിരിച്ചു പ്രതികരിക്കും. എന്നെ സപ്പോർട്ട് ചെയ്യുന്നവരുണ്ട്, അവർക്ക് ഒരുപാട് നന്ദി.’
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ശ്രദ്ധേയ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.