
ദിവ്യ എസ് അയ്യരുടെ പാട്ട് വീഡിയോ വൈറല്‍
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ മുദ്രാഗാനം ദിവ്യ എസ് അയ്യർ ആലപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് കവി മുരുകൻ കാട്ടാകട. അദ്ദേഹം രചിച്ച വരികൾക്കാണ് ദിവ്യ എസ് അയ്യർ ശബ്ദം നൽകിയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മാറിയ സമയത്ത് പുകഴ്ത്തൽ പോസ്റ്റ് ഇട്ടത് ഏറെ വിവാദമായിരുന്നു. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്ന് കെ.കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യരെ ഉന്നംവെച്ച് കെ.മുരളീധരൻ പറഞ്ഞിരുന്നു.
എന്നാൽ, ആ വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്നതിന്റെ സൂചനയാണ് ദിവ്യ എസ് അയ്യരുടെ പുതിയ പാട്ട്. ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും ശ്രീ ദിവ്യ എസ് അയ്യർ ഐഎസിനും നന്ദി…എന്ന വാക്കുകളോടെയാണ് പോസ്റ്റ്.
ഇടതു സർക്കാരിന്റെ ഒൻപത് വർഷത്തെ വികസന മുന്നേറ്റങ്ങളെക്കുറിച്ച് പുകഴ്ത്തുന്നതാണ് മുദ്രാഗാനത്തിലെ വരികൾ. സിവിൽ സെർവെന്റ് എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന ഗവൺമെന്റിനോട് ആത്മാർത്ഥതയും സത്യസന്ധതയും കൂറും പുലർത്തുന്ന നിഷ്പക്ഷയായ ഒരു ഉദ്യോഗസ്ഥയാണ് ഡോക്ടർ ദിവ്യ എസ് അയ്യർ ഐഎഎസ് എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് മുരുകൻ കാട്ടാക്കട വീഡിയോ ഫേയ്‌സ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.