Crime

വ്ളോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ്

വ്ളോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.

കോവളത്തെ റിസോർട്ടിൽവെച്ച് നടന്ന റീൽസ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെൺകുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്.

നിലവിൽ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

കോവളത്തെ റിസോര്‍ട്ടില്‍വെച്ച് ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ വീഡിയോ ചിത്രീകരണം നടന്നത്. കുട്ടിയെ കോവളത്ത് എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നും ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും പരാതിയിൽ പറയുന്നു.

കൂടാതെ ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കോവളം പോലീസ് അറിയിച്ചു. മുൻപ് സോഷ്യല്‍ മീഡിയയില്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിന് എക്‌സൈസ് മുകേഷിനെതിരെ കേസ് എടുത്തിരുന്നു.