CricketSports

രോഹിത് ശർമ്മയുടെ പിൻഗാമി ശുഭ്മാൻ ഗിൽ ആകുമോ? സാധ്യത ഇങ്ങനെ

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിന്റെ പേര് മുൻപന്തിയിലെന്ന് റിപ്പോർട്ടുകൾ. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ ബുധനാഴ്ച ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സൂചനകൾ പുറത്തുവരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രോഹിത് വിരമിക്കൽ അറിയിച്ചത്.

എല്ലാവർക്കും നമസ്‌കാരം, ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. വെള്ള ജേഴ്‌സിയിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വർഷങ്ങളായി നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,’ ടെസ്റ്റ് തൊപ്പിയുടെ ചിത്രം പങ്കുവെച്ച് രോഹിത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജിത് അഗാർക്കർ തലവനായ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ അഭിപ്രായത്തിൽ 25 വയസ്സുകാരനായ ഗിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്. എന്നിരുന്നാലും, സെലക്ടർമാർ ഇക്കാര്യം ബിസിസിഐയുമായി ചർച്ച ചെയ്തതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടാൽ ഗില്ലിന്റെ ആദ്യ ദൗത്യം ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയായിരിക്കും.

ജൂൺ അവസാനത്തോടെ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ പേസ് ബൗളിംഗ് നിരയുടെ കുന്തമുനയും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയ്ക്ക് നേതൃത്വ സ്ഥാനം നൽകാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും മറ്റ് രണ്ട് ടെസ്റ്റുകളിൽ ടീമിനെ നയിച്ചതും ബുംറയായിരുന്നു. എന്നാൽ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബുംറ ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കാൻ സാധ്യതയില്ലാത്തതിനാൽ സെലക്ടർമാർ മറ്റൊരു ഓപ്ഷൻ തേടുകയായിരുന്നു.

‘അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും കളിക്കാൻ സാധ്യതയുള്ള ഒരു കളിക്കാരനെയാണ് ഞങ്ങൾക്ക് വേണ്ടത്. ബുംറയ്ക്ക് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകണം,’ വൃത്തങ്ങൾ അറിയിച്ചു.

ഭാവിയിലെ ഒരു നേതാവിനെ വാർത്തെടുക്കാനും പുതിയ ടെസ്റ്റ് സൈക്കിൾ നിലവിൽ വരുന്നതിനാലും സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമിൽ ഒരു ദീർഘകാല നേതാവിനെയാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ ഗിൽ ഈ സ്ഥാനത്തേക്ക് യോജിച്ച താരമാണ്.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജൂൺ 20 ന് ആരംഭിച്ച് ജൂലൈ 31 ന് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റോടെ അവസാനിക്കും. രോഹിത് ശർമ്മയുടെ പിന്മാറ്റം ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരു പുതിയ നായകനിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കുകയാണ്.