
ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു; ഊരാളുങ്കലിന് ലഭിച്ചത് 46.75 ലക്ഷം
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് പണം അനുവദിച്ചത്. നീന്തൽ കുളത്തിൻ്റെ ആറാം ഘട്ട വാർഷിക പരിപാലനത്തിനാണ് ഊരാളുങ്കലിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പണം അനുവദിച്ചത്. 4,43,721 രൂപയാണ് അനുവദിച്ചത്.
ഫണ്ട് അനുവദിക്കാൻ ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ അനുമതി ലഭിച്ചിരുന്നു. ഉപയോഗ ശൂന്യമായ ക്ലിഫ് ഹൗസിലെ നീന്തൽ കുളം 2016 ൽ പിണറായി മുഖ്യമന്ത്രിയായതിന് ശേഷമാണ് ഊരാളുങ്കൽ വഴി നവീകരിച്ചത്. വാർഷിക പരിപാലനവും ഊരാളുങ്കലിനാണ്. നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി.
അതിനു ശേഷം നീന്തല്‍കുളത്തിന്റെ ഒന്നാം ഘട്ട വാര്‍ഷിക പരിപാലനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 2,28,330 രൂപയും രണ്ടാം ഘട്ടം വാര്‍ഷിക പരിപാലനത്തിന് 2,51,163 രൂപയും മൂന്നാം ഘട്ട വാര്‍ഷിക പരിപാലത്തിന് 3, 84, 356 രൂപയും നല്‍കി. നാലാം ഘട്ടത്തിന് അനുവദിച്ചത് 3, 84, 356 രൂപയാണ്. അഞ്ചാം ഘട്ടത്തിനും 3,84,356 രൂപ ചെലവായി.
ആറാം ഘട്ട പരിപാലനത്തിന് ഇപ്പോൾ അനുവദിച്ച 4,43,721 രൂപ കൂടി ആകുമ്പോൾ പിണറായിയുടെ നീന്തൽ കുളത്തിന് ഖജനാവിൽ നിന്ന് നൽകിയത് 46 ,75,704 രൂപ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം ക്ലിഫ് ഹൗസിൽ 2 കോടിക്ക് മുകളിൽ നവീകരണ പ്രവർത്തനം നടത്തിയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 4.40 ലക്ഷം രൂപയ്ക്കാണ് ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിച്ചത്. 42 ലക്ഷം രൂപയുടെ കാലിതൊഴുത്തും രണ്ട് നില മാത്രമുള്ള വീടിന് ലിഫ്റ്റ് നിർമ്മിച്ചതും വിവാദമായിരുന്നു.