IndiaNews

ഓപ്പറേഷൻ സിന്ദൂർ വിജയം ഭഗവാൻ ശിവന് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

വാരണാസി: പഹൽഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ വഴി ശക്തമായ തിരിച്ചടി നൽകിയെന്ന വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ശിവന്റെ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായതെന്നും, ഓപ്പറേഷന്റെ വിജയം താൻ മഹാദേവന്റെ പാദങ്ങളിൽ സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

“പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 26 പേരുടെ ഓർമ്മയിൽ എന്റെ ഹൃദയം ദുഃഖം കൊണ്ട് നിറഞ്ഞിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ പെൺമക്കളുടെ സിന്ദൂരത്തിന് പകരം ചോദിക്കുമെന്ന എന്റെ വാഗ്ദാനം മഹാദേവന്റെ അനുഗ്രഹത്താൽ നിറവേറ്റി. 140 കോടി രാജ്യക്കാരുടെ ഐക്യമാണ് ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ശക്തിയായി മാറിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്കും ദുർബലർക്കും കൈത്താങ്ങ്

ചടങ്ങിൽ വെച്ച്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. രാജ്യത്തെ 9.70 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,500 കോടി രൂപ കൈമാറി. ഇതുകൂടാതെ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി വീൽചെയറുകൾ, ട്രൈസൈക്കിളുകൾ, കാഴ്ച സഹായികൾ തുടങ്ങിയ സഹായ ഉപകരണങ്ങളും അദ്ദേഹം വിതരണം ചെയ്തു.

പ്രാദേശിക ഭാഷയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രിയുടെ 51-ാമത് വാരണാസി സന്ദർശനമാണിത്. ശ്രാവണ മാസത്തിലും രക്ഷാബന്ധന് തൊട്ടുമുമ്പുമുള്ള ഈ സന്ദർശനം പൂർവാഞ്ചൽ മേഖലയ്ക്ക് വലിയ വികസന ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലായി 52 പുതിയ വികസന പദ്ധതികളും സന്ദർശനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.