Crime

പൂർണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിഎം പാലം ഉദ കോളനിയിൽ താമസിക്കുന്ന അനുഷ (27) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജ്ഞാനേശ്വറുമായി ഇന്ന് രാവിലെ വാക്കുതർക്കമുണ്ടായി. ഇതിനിടെ ജ്ഞാനേശ്വർ അനുഷയെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇതേത്തുടർന്ന് അനുഷ അബോധാവസ്ഥയിലായി.

തുടർന്ന് ജ്ഞാനേശ്വർ തന്നെ ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

നഗരത്തിലെ സ്കൗട്ട്സ്, സാഗർനഗർ വ്യൂപോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുകയാണ് ജ്ഞാനേശ്വർ. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. പല വിഷയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.