KeralaNewsPolitics

പാതിരാ റെയ്ഡ് നാടകം : നാണംകെട്ട് സിപിഎം-ബിജെപി

പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടന്ന പരിശോധനയിൽ ഒന്നും ലഭിച്ചില്ലെന്ന് പോലീസ്. ഉപതിരഞ്ഞെടുപ്പിനായി കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു പരിശോധന നടത്തിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന മുറികളിലായിരുന്നു വനിതാ പോലീസ് പോലുമില്ലാതെ പരിശോധന. എന്നാൽ അവിടെ നിന്നും ഒന്നും കിട്ടിയില്ലെന്ന വിവരമാണ് പോലീസ് തന്നെ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചുവെന്നാണ് എ എ റഹീം എംപി ആരോപിച്ചത്. എന്നാലിതിനെ പരിഹസിച്ചുകൊണ്ട് പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിട്ടുണ്ട്. നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം, ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ താൻ പാലക്കാട്ടെ ഹോട്ടലിലല്ല കോഴിക്കോട് ആണുള്ളതെന്ന് രാഹുൽ പരിഹസിക്കുന്നു. കോഴിക്കോട് നഗരം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നും ലൈവ് വീഡിയോയുമായായിരുന്നു രാഹുലിന്‍റെ പ്രതികരണം. രണ്ടാമത്തെ പ്രശ്നം ട്രോളി ബാഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണ് ഉള്ളത്. അത് വേണമെങ്കിൽ തരാമെന്നും രാഹുൽ പരിഹസിക്കുന്നു.

പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി കള്ളപ്പണം എത്തിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. പോലീസ് ആദ്യം പരിശോധന നടത്തിയത് കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ്. തുടർന്ന് ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പോലീസ് പരിശോധനയ്‌ക്കെത്തി. എന്നാൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ തീർത്ത് പറഞ്ഞു. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ലെന്നും മുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും വനിതാനേതാക്കള്‍ പറയുന്നു.

ഇതിനു പിന്നാലെ സംഭവ സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞിരുന്നു. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ എത്തിച്ചേരുകയും ചർച്ച നടത്തുകയും ചെയ്തു. അതേസമയം, അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നിരുന്നു. ഇതിനിടയിൽ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.

സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. എന്നാൽ സ്ഥലത്ത് എ.സി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതെ നോക്കുകുത്തിയായി നിൽക്കുകയായിരുന്നു. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *