News

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കം

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കം. മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് സമ്മേളന വേദിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് ഔദ്യോഗികമായ തുടക്കമായത്. ബി. വി. രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പാർട്ടി കോൺഗ്രസിൻ്റെ പ്രധാന അജണ്ടകളിൽ ഒന്ന് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്നതാണ്. സമ്മേളനത്തിൽ പുതിയ പിബി അംഗങ്ങളെയും കണ്ടെത്തും. കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ ശക്തി ചോര്‍ന്നു എന്ന ആത്മവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനെ മുൻപ് തന്നെ സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ചോർന്നിരുന്നു. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്നതടക്കമുള്ള വിമർശനങ്ങളാണ് സംഘടനാ റിപ്പോർട്ടിലുള്ളത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താനും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

ഭരണുമുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരളത്തോട് പ്രത്യേക കരുതല്‍ വേണം എന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സര്‍ക്കാരിനെതിരായ പ്രചരണങ്ങളെ പ്രതിരോധിക്കണം. പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും പ്രമേയത്തില്‍ ഉണ്ടെന്നാണ് വിവരം. അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി സെസ് അടക്കമുളഅള നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും നല്‍കുന്നുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെന്‍സസ് അടിയന്തരമായി നടത്തണമെന്ന ആവശ്യവും പ്രമേയമായി ഉന്നയിക്കും. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്.