ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അച്ഛനില്‍ നിന്ന് പണം തട്ടിയതില്‍ കേസ്; മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് വഞ്ചനാകേസ്

കണ്ണീരില്‍ കൈയിട്ടുവാരിയയാള്‍ക്കെതിരെ കേസെടുത്ത് ആലുവ പോലീസ്. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അച്ഛനില്‍ നിന്ന് പണം തട്ടിയ മുനീറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ല നേതാവ് ഹസീന മൂനീറിന്റെ ഭര്‍ത്താവാണ് ഇയാള്‍.

ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടത് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. നിരവധി സംഘടനകള്‍ പെണ്‍കുട്ടിയുടെ സാമ്പത്തികമായി സഹായം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന് എ.ടി.എമ്മില്‍ നിന്ന് കാശ് എടുക്കുന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയെയാണ് മുനീര്‍ ചൂഷണം ചെയ്തത്.

സഹായിക്കാനെന്ന വ്യാജേനെ മുനീര്‍ കബളിപ്പിക്കുകയായിരുന്നു. പഴയ കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബത്തെ, മകള്‍ കൊല്ലപ്പെട്ട ശേഷം എം.എല്‍.എ മുന്‍കൈയെടുത്ത് വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഈ വീടിന് വാടക മുന്‍കൂറായി നല്‍കാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. ആഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ 20,000 രൂപ വീതം അക്കൗണ്ടില്‍നിന്നും മുനീര്‍ പിന്‍വലിച്ചു. എന്നാല്‍, വീടിന്റെ വാടക നല്‍കിയത് എം.എല്‍.എ ആയിരുന്നു.

പിന്നീടാണ് തങ്ങളെ ഇയാള്‍ കബളിപ്പിക്കുകയായിരുന്നെന്ന് കുടുംബത്തിന് മനസ്സിലായത്. പണം തിരികെ ആവശ്യപ്പെടുകയും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഇടപെട്ട് 70,000 രൂപ മുനീറില്‍നിന്നും വാങ്ങി നല്‍കുകയും ചെയ്തു. ബാക്കി 50,000 തിരികെ ലഭിക്കാതായതോടെയാണ് പിതാവ് പരാതിയുമായി രംഗത്തുവന്നത്.

മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ മുനീര്‍ കുടുംബത്തെ വിളിച്ച് ഇങ്ങനെയൊരു സംഭവം ഇല്ലെന്ന് പറയാന്‍ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ, ബാക്കി തുകയും മുനീര്‍ തിരിച്ചുനല്‍കി.

ഇതിനുപിന്നാലെയാണ് സംഭവം ശ്രദ്ധയില്‍പെട്ട പൊലീസ് വീട്ടിലെത്തി മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്തത്.

കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍നിന്നും പണംതട്ടിയെടുത്തത് നീതികരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും, പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ് മുനീര്‍ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments