
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതല മാത്രമാണെന്ന് സ്വരാജ് വ്യക്തമാക്കി. ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ല. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു.
സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കും. പി വി അൻവര്‍ നിലമ്പൂരില്‍ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കല്‍പ്പിക്കുന്നില്ല. എതിരാളികള്‍ക്കുപോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സ്വരാജ് പറഞ്ഞു.
മെയ് മാസത്തിൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. നിലമ്പൂരടക്കം രാജ്യത്തെ 6 ഇടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എപി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. കോൺഗ്രസിൽ നിന്ന് വിഎസ് ജോയിയോ ആര്യാടൻഷൗക്കത്തോ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്. നിലമ്പൂർ സ്വദേശിയായ എം സ്വരാജിനെ പരിഗണിക്കുമെന്ന് കരുതുന്നെങ്കിലും തിരഞ്ഞെടുപ്പിൽ പാർട്ടി ചുമതല മാത്രം വഹിക്കാനാണ് സ്വരാജ് ആഗ്രഹിക്കുന്നത്. സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ യൂ ഷറഫലിയെ പോലെ ഒരാളെ പരിഗണിക്കാനും സാധ്യതയുണ്ട്. പാർട്ടി ചിന്നത്തിൽ തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ വിഎം ഷൗക്കത്ത് പി ഷബീർ എന്നിവരുടെ പേരുകൾ ഉയർന്നു വരാനാണ് സാധ്യത.
പി വി അൻവർ ഉപേക്ഷിച്ച നിലമ്പൂരിൽ ആരു മത്സരിച്ചാലും നിർണായക ഘടകം ആവുക അൻവർ തന്നെയാകും.