
തന്റെ ഭരണകാലത്ത് 3070 കൊലപാതകങ്ങൾ നടന്നെന്ന് മുഖ്യമന്ത്രി; ഒന്നാമത് തിരുവനന്തപുരം
തൻ്റെ ഭരണ കാലത്ത് 3070 കൊലപാതകങ്ങൾ നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മെയ് മാസം മുതൽ 2025 മാർച്ച് 16 വരെയുള്ള കാലയളവിൽ ആണ് സംസ്ഥാനത്ത് 3070 കൊലപാതകങ്ങൾ നടന്നത്.
എ.പി അനിൽകുമാർ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മാർച്ച് 24 ന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് കൊലപാതക കണക്കുകളുടെ എണ്ണം പുറത്ത് വന്നത്. ഇതിൽ 18 എണ്ണം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം മൂലം ഉണ്ടായതാണ്. ലഹരി ഉപയോഗം മൂലം ഉണ്ടായ കൊലപാതക കേസുകൾ 58 എണ്ണം ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊലപാതക കേസുകളിൽ 78 പേരെ ഇനിയും അറസ്റ്റ് ചെയ്യാൻ ഉണ്ട്. 476 പ്രതികളെ ആണ് ശിക്ഷിച്ചത്. കൊലപാതക കേസുകളിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിടുതൽ ചെയ്തിട്ടില്ലെന്നും ചട്ടങ്ങൾ അനുശാസിക്കുന്ന അവധി ആനുകൂല്യങ്ങളാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി കേസ് പ്രതികൾക്ക് 1000 ത്തിൽ കൂടുതൽ ദിവസങ്ങൾ പരോൾ നൽകിയത് വിവാദമായിരുന്നു. അതേ പോലെ കാരണവർ വധകേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതും ഇക്കാലയളവിൽ ആയിരുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. തിരുവനന്തപുരം സിറ്റിയിലും റൂറലിനും ആയി 418 കൊലപാതകങ്ങൾ ഇക്കാലയളവിൽ ഉണ്ടായി.349 കൊലപാതകങ്ങളുമായി എറണാകുളം ജില്ലയാണ് രണ്ടാമത്.
കൊല്ലം ( 338) , തൃശൂർ ( 315), പാലക്കാട് ( 233), മലപ്പുറം ( 200), ഇടുക്കി (198), കോട്ടയം (180), ആലപ്പുഴ (180), കോഴിക്കോട് (157),കണ്ണൂർ (152), പത്തനം തിട്ട (140), കാസർകോഡ് (115), വയനാട് (90) എന്നിങ്ങനെയാണ് ജില്ലകളിലെ കൊലപാതക കണക്കുകൾ.