News

കോവിഡ് കാലത്തെ അഴിമതി: പിപിഇ കിറ്റിൽ 10.23 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാരിന്റെ നേതൃത്വത്തിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കോവിഡ് കാലത്ത് നടന്ന ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയാണ് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്.

2020 മാർച്ച് 28ന് 550 രൂപയ്ക്ക് ലഭിച്ച പിപിഇ കിറ്റ് മാർച്ച് 30ന് മറ്റൊരു കമ്പനിയിൽനിന്നു 1550 രൂപയ്ക്കാണ് വാങ്ങിയിരിക്കുന്നത്. വെറും രണ്ട് ദിവസം കൊണ്ട് കൂടിയത് ആയിരം രൂപയാണ്. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞാണ് സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയതെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതോടെ കോവിഡ് കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് സിഎജി റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മഹാമാരിയുടെ കാലത്ത് ജനം പകച്ചു നിൽക്കുമ്പോഴാണ് ഒന്നാം പിണറായി സർക്കാർ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവൻ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവർണാവസരമായി സർക്കാർ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആർ ഏജൻസികളുടെ പ്രൊപ്പഗൻഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോർട്ട് പി.ആർ ഇമേജിനെ തകർക്കുന്നതാണ് – വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻ ഫർമയിൽ നിന്നും മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്നതും സി.എ.ജി റിപ്പോർട്ട് അടിവരയിടുന്നു. മൂന്നു കമ്പനികൾ 500 രൂപയിൽ താഴെ പി.പി.ഇ കിറ്റുകൾ നൽകിയ അതേ ദിവസമാണ് സാൻ ഫാർമയിൽ നിന്നും 1550 രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നൽകിയ കരാർ റദ്ദാക്കിയാണ് 1550 രൂപയ്ക്ക് കരാർ നൽകിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോർട്ടിലുണ്ട്. നിയമ വിരുദ്ധമായി സാൻ ഫർമയ്ക്ക് 100 % അഡ്വാൻസ് നൽകിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോർട്ട് ശരിവയ്ക്കുന്നു.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം കെ.എം.എസ്.സി.എലിന്റെ പിടിപ്പുകേടാണെന്നും റിപ്പോർട്ടിലുണ്ട്. 26 സർക്കാർ ആശുപത്രികളിലെ രോഗികൾക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നൽകിയതെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. 14 വിതരണക്കാരുടെ ഒറ്റ മരുന്നിന്റെ പോലും ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന സി.എ.ജി വിലയിരുത്തൽ കെ.എം.എസ്.സി.എൽ ഇപ്പോഴും അഴിമതിയുടെ കേന്ദ്രമായി തുടരുന്നു എന്നതിന്റെ തെളിവാണ്.

സി.എ.ജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നൽകിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണ്. കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരും. സർക്കാരല്ലിത് കൊള്ളക്കാരെന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *