
കണ്ണൂര്‍: സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.

2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ചാണ് കൊലപാതകം. കേസിലെ രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം. കേസിലെ ഒന്നാം പ്രതി ഷംസുദ്ദീന്‍, പന്ത്രണ്ടാം പ്രതി പെരളശേരി കിലാലൂരിലെ ടി പി രവീന്ദ്രന്‍ എന്നിവര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. പത്താം പ്രതി നാഗത്താന്‍കോട്ടയിലെ പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.
കേസിലെ രണ്ടാം പ്രതി പത്തായക്കുന്ന് സ്വദേശിയായ ടി കെ രജീഷ് (55), കൊളശ്ശേരി കാവുംഭാഗം കോമത്തുപാറ പുതിയേടത്ത് എന്‍ വി യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഷംജിത്ത് എന്ന ജിത്തു (48), കൂത്തുപറമ്പ് നരവൂര്‍ പഴയ റോഡില്‍ പുത്തലത്ത് മമ്മാലി വീട്ടില്‍ പി എം മനോരാജ് എന്ന നാരായണന്‍കുട്ടി (53), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (57), മുഴപ്പിലങ്ങാട് പന്നിക്കാന്റവിട പ്രഭാകരന്‍ മാസ്റ്റര്‍ (60), മുഴുപ്പിലങ്ങാട് ബീച്ച് റോഡില്‍ പുതുശ്ശേരി വീട്ടില്‍ പി വി പത്മനാഭന്‍ എന്ന ചോയി പപ്പന്‍ (68), മുഴപ്പിലങ്ങാട് കരിയില വളപ്പില്‍ മന്ദമ്പേത്ത് രാധാകൃഷ്ണന്‍ എന്ന ബാങ്ക് രാധാകൃഷ്ണന്‍ (61), സോപാനത്തില്‍ പുതിയപുരയില്‍ പ്രദീപന്‍ (59)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 147, 148, 302,120 (ബി) വകുപ്പു പ്രകാരം ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധി.
എടക്കാട് കണ്ടത്തില്‍ മൂല നാഗത്താന്‍ കോട്ട പ്രകാശനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപനെയാണ് കൊലപാതക കേസിലെ പ്രതികളെന്ന് അറിഞ്ഞിട്ടും സംരക്ഷിച്ചതിന് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും പത്താം പ്രതി നാഗത്താന്‍കോട്ടയില്‍ പ്രകാശനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പ്രേമരാജന്‍ മാധ്യമങ്ങളോട് അറിയിച്ചു.