
പത്തനംതിട്ട കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽ നിന്നും ഒന്നാം പ്രതിയുടെ സഹോദരൻ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. ജാമ്യത്തിനായി പത്തനംതിട്ട ഡിവൈഎസ്പിക്കും വക്കീലിനും നൽകാനെന്ന പേരിൽ 8.65 ലക്ഷം രൂപയാണ് വാങ്ങിയത്.
ഒന്നാം പ്രതി ജോജി മാത്യുവിന്റെ സഹോദരൻ ജോമോൻ മാത്യു രണ്ടാം പ്രതി ഷൈനുവിന്റെ അമ്മയിൽ നിന്നാണ് ഇത്രയും തുക വാങ്ങിയത്. കേസിൽ ഇരുപ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. ശേഷം തനിക്ക് കിട്ടയ ഫീസിന്റെ കാര്യം വക്കീൽ വെളിപ്പെടുത്തിയതോടെയാണ് ലക്ഷങ്ങൾ തട്ടിയെടുത്ത കാര്യം പുറത്തായത്. വക്കീലിന്റെ നിർദ്ദേശ പ്രകാരമാണ് പരാതിപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പിയും പരാതിക്ക് പിന്നാലെയാണ് തന്റെ പേരിൽ പണം വാങ്ങിയതായി അറിഞ്ഞത്. ഇതോടെ ജോമോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ടയിൽ അറുപത് പേർ പ്രതികളായ പോക്സോ കേസിലാണ് തട്ടിപ്പ് നടന്നത്. ദളിത് വിദ്യാർഥിയായ കായിക താരത്തെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അറുപത് പ്രതികളിൽ 20 പേരും കൗമാരക്കാരാണ്. അഞ്ച് പേർ 17 വയസ്സിൽ താഴെയുള്ളവരാണ്. 30 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് പ്രതികൾ മാത്രമാണുള്ളത്.
സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസാണ് പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്തത്. ഇതുവരെ 52 പേരാണ് കേസിൽ പിടിയിലായത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതിപ്പട്ടികയിൽ ഭൂരിഭാഗവും. നാല് സ്റ്റേഷനുകളിലായി 30 കേസുകളാണ് രജിസ്റ്റർ ചെയ്തത്.