
വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ മുഖ്യമന്ത്രി എത്തും
വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ മുഖ്യമന്ത്രി എത്തും.മൂന്ന് പതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിലും എസ്.എൻ ട്രസ്റ്റിലും പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് ആദരം നല്കുന്ന മഹാസംഗമം ചേർത്തലയില്‍ ഏപ്രില്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഒരു മാസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് 14 ന് ചേർത്തല യൂണിയൻ ഹാളില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും.സംഗമവിളംബരഗാനം മുനിസിപ്പല്‍ ചെയർപേഴ്സണ്‍ ഷേർളി ഭാർഗവൻ പ്രകാശനം ചെയ്യും.
ആഘോഷ പരിപാടികളുടെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര, ദൈവദശകം ആലാപന മത്സരം,ഫ്യൂഷൻ തിരുവാതിര, ശിങ്കാരിമേള മത്സരം, വോളിബാള്‍,ഫുട്ബാള്‍, കൗണ്ടി ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെ പതിനാറ് ഇനങ്ങളിലായി വ്യത്യസ്ത ശാഖകളില്‍ മത്സരങ്ങള്‍ നടത്തും.
മെഡിക്കല്‍ ക്യാമ്പുകൾ , സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും പരിപാടികളും ഉണ്ടാകുമെന്ന് ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജനും കണ്‍വീനർ പി.ഡി.ഗഗാറിനും പറഞ്ഞു. ഏപില്‍ 6ന് ചേർത്തല നഗരത്തില്‍ വിളംബര ജാഥയും നടക്കും.