
തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അഫാന്‌റെ പിതൃ മാതാവ് സൽമാ ബീവിയുടെ വീട്ടിലാണ് അഫാനെ ആദ്യം എത്തിച്ചത്. തുടർന്ന് അഫാൻ പെൺ സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയ വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. ആറ്റിങ്ങൾ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് തെളിവെടുപ്പ്.
പിതൃ മാതാവിന്റെ വീട്ടിൽവച്ചും വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ എത്തിച്ചപ്പോഴും ക്രൂര കൃത്യങ്ങൾ നടത്തിയത് എങ്ങനെയാണെന്ന് അഫാൻ പോലീസിനോട് വിവരിച്ചു. ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് അഫാൻ പൊലീസ് ഉദ്യോഗസ്ഥരോടു കാര്യങ്ങൾ വിശദീകരിച്ചത്. മാല ആവശ്യപ്പെട്ടുവെങ്കിലും മുത്തശ്ശിയായ സൽമാബീവി അഫാന് നൽകിയിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസം അഫാൻ നൽകിയ മൊഴി. തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയ അഫാൻ മാല പണയം വച്ച ശേഷം തനിക്കുണ്ടായിരുന്ന ചില കടങ്ങൾ വീട്ടുകയും ചെയ്തിരുന്നു.
അഫാനെ കൊണ്ടുവരുന്നതറിഞ്ഞ് ഒട്ടേറെ പ്രദേശവാസികളാണ് പാങ്ങോട്ടെ സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
അതേസമയം പ്രതി അഫാൻ ഇന്ന് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണിരുന്നു. പാങ്ങോട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് കുഴഞ്ഞുവീണത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദം കുറഞ്ഞതോടെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുള്ള കല്ലറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകിയ ശേഷം ഇയാളെ തിരികെ സ്റ്റേഷനിൽ എത്തിച്ചു. വ്യാഴാഴ്ചയാണ് അഫാനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.