NewsPolitics

കൊല്ലം സിപിഎമ്മിനെ കൈവിടും! മൂന്ന് സീറ്റിൽ യുഡിഎഫിന് വിജയസാധ്യത; കനഗോലുവിന്റെ പഠനം ഇങ്ങനെ

തിരുവനന്തപുരം: കൊല്ലത്തെ ആ മൂന്ന് സീറ്റുകൾ സിപിഎമ്മിന് നഷ്ടപ്പെടും. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ കൊല്ലം, ചവറ, കൊട്ടാരക്കര സീറ്റുകളിൽ യു.ഡി.എഫിന് ജയിക്കാൻ സാധിക്കുമെന്ന് സുനിൽ കനഗോലുവിന്‌റെ പഠന റിപ്പോർട്ട്. നിലവിലെ എംഎൽഎമാരോടുള്ള അപ്രീതിയും ഭരണ വിരുദ്ധ വികാരവും ഈ മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ യു.ഡി.എഫിനെ സഹായിക്കുമെന്നാണ് റിപ്പോർട്ട്.

കൊല്ലം ജില്ലയിൽ സി.പി.ഐ ജയിച്ച മണ്ഡലങ്ങളിലാണ് കനഗോലു സർവെ ഇപ്പോൾ നടക്കുന്നത്. അതിന്‌റെ കൂടി അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. 2006 മുതൽ സിപിഎം കോട്ടയാണ് മുകേഷിന്റെ കൊല്ലം അസംബ്ലി മണ്ഡലം. 2006 ലും 2011 ലും പി.കെ. ഗുരുദാസൻ ആയിരുന്നു കൊല്ലം എംഎൽഎ. 2016 ലും 2021 ലും മുകേഷ് കൊല്ലം ചുമപ്പിച്ചു.

2016 ൽ 17,611 വോട്ടിന് ജയിച്ച മുകേഷ് 2021 ൽ ജയിച്ചത് 2072 വോട്ടിന് മാത്രമാണ്. കൊല്ലത്തെ മികച്ച സ്ഥാനാർത്ഥി എന്ന ലേബലിൽ പാർലമെന്‌റ് സീറ്റിൽ പ്രേമചന്ദ്രനോട് മൽസരിച്ചെങ്കിലും ദയനീയ പരാജയമാണ് മുകേഷ് നേരിട്ടത്. അതിനിടയിൽ സ്ത്രീ പീഡന കേസിലും പെട്ടു. ഇത് മുകേഷിന് വിനയായി. ഒപ്പം സിപിഎമ്മിനും. ഇപ്പോൾ സ്വന്തം പാർട്ടിയുടെ സമ്മേളന പരിസരത്തുപോലും അടുക്കാൻ പറ്റാത്ത വിധത്തിൽ അപ്രിയനായി മാറിയിരിക്കുകയാണ് എം. മുകേഷ്.

ധനമന്ത്രി എന്ന നിലയിൽ എല്ലാ മേഖലകളിലേയും ജനങ്ങുടെ ആനുകൂല്യങ്ങൾ തടഞ്ഞതാണ് കെ.എൻ. ബാലഗോപാലിനോടുള്ള അപ്രീതിക്ക് കാരണം. 2016ൽ ഐഷ പോറ്റി കൊട്ടാരക്കരയിൽ 42632 വോട്ടിനാണ് ജയിച്ചത്.

2021 ൽ ഐഷ പോറ്റിക്ക് പകരം ഇറങ്ങിയ ബാലഗോപാൽ ജയിച്ചത് ആകട്ടെ 10,814 വോട്ടിനും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അതിശക്തമായതിന്‌റെ പ്രധാന കാരണം ബാലഗോപാലിന്റെ വികലമായ ധനകാര്യ മാനേജ്‌മെന്റാണെന്നും ബാലഗോപാലിനോടുള്ള പ്രതിഷേധം മണ്ഡലത്തിൽ ശക്തമാണെന്നും കനഗോലു റിപ്പോർട്ട് പറയുന്നു.

ആർഎസ്പിയുടെ കോട്ടയായ ചവറയിൽ കഴിഞ്ഞ തവണ ഷിബു ബേബി ജോൺ തോറ്റത് വെറും 1096 വോട്ടിനാണ്. അതിശക്തമായ ഭരണവിരുദ്ധ വികാരത്തിൽ ചവറയും യുഡിഎഫിലേക്ക് മറിയും എന്ന് കനഗൊലു റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

നിലവിൽ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലാണ് ജില്ലയിൽ യുഡിഎഫിന് എംഎൽഎമാരുള്ളത്. സിപിഐയുടെ കയ്യിൽ ഇരുന്ന കരുനാഗപ്പള്ളി സി.ആർ മഹേഷിലൂടെ 2021 ൽ കോൺഗ്രസ് തിരിച്ചു പിടിച്ചു. കുണ്ടറയിൽ മേഴ്‌സികുട്ടിയമ്മയെ പരാജയപ്പെടുത്തി പി.സി. വിഷ്ണുനാഥ് മണ്ഡലം യു.ഡി.എഫിലെത്തിച്ചു. സിപിഐ സീറ്റുകളിലെ സർവെ കൂടി പൂർത്തിയാകുന്ന തോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിലേക്ക് കോൺഗ്രസ് കടക്കും.