News

പിണറായി വിജയനും സി.പി.എമ്മും കോൺഗ്രസിന് ക്ലാസ് എടുക്കേണ്ട: വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്തൊരു ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന തരത്തിൽ മുഖ്യമന്ത്രി ഇന്ന് ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ബി.ജെ.പി അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ന്യൂനപക്ഷ വികാരം ഉണർത്താൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശ്രമിച്ചതു പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്ന സമീപനം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ എ.എ.പിക്കെതിരെ കോൺഗ്രസ് മത്സരിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നിച്ചു മത്സരിക്കാൻ എ.എ.പി തയാറായില്ല. അപ്പോൾ ദേശീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസും മത്സരിച്ചു. ഇതൊക്കെ പറയുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയും അവിടെ മത്സരിച്ചല്ലോ. ഇവർ മത്സരിച്ചില്ലായിരുന്നെങ്കിൽ. 4 ശതമാനം വോട്ട് കൂടി എ.എ.പിക്ക് കിട്ടുമായിരുന്നല്ലോ. എന്നിട്ടാണ് കോൺഗ്രസ് മത്സരിച്ചതിനെ കുറ്റപ്പെടുത്തുന്നത് – വി.ഡി. സതീശൻ പരിഹസിച്ചു.

എന്തൊരു ഇരട്ടത്താപ്പാണിത്? കർണാടകത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സി.പി.എമ്മും മത്സരിച്ചല്ലോ. ഇതേ മുഖ്യമന്ത്രിയാണ് അവിടെ പ്രചരണത്തിന് പോയത്. അപ്പോൾ അവിടെ കോൺഗ്രസ് പരാജയപ്പെട്ട് ബി.ജെ.പി വിജയിക്കട്ടെയെന്നാണോ സി.പി.എം അന്ന് കരുതിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പണ്ട് നിയമസഭയിൽ എത്തിയ ആളാണ് പിണറായി വിജയൻ. 77- ൽ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിച്ചത്. 89 ലും ഇവർ തമ്മിൽ ധാരണയിലായിരുന്നു. എന്നിട്ടാണ് പഴയ കാര്യങ്ങൾ മറന്ന് പുതിയ കാര്യങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി എവിടെയാണ് ബി.ജെ.പിയുമായി വീട്ടുവീഴ്ച ചെയ്തത്? ബി.ജെ.പിയുമായി സെറ്റിൽ ചെയ്തിട്ടുള്ളത് പിണറായി വിജയന്റെ സി.പി.എമ്മാണ്. ബി.ജെ.പി ഫാസിസ്റ്റ് പാർട്ടിയല്ലെന്നതാണ് സി.പി.എമ്മിന്റെ പുതിയ കണ്ടുപിടുത്തം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന ഉറച്ച നിലപാട് എടുക്കുമ്പോഴാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തൽ. നവ ഫാസിസ്റ്റ് പോലുമല്ലെന്നാണ് പറയുന്നത്. ആകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. സീതാറാം യെച്ചൂരി ഈ നിലപാടല്ലായിരുന്നു സ്വീകരിച്ചത്. യെച്ചൂരിയുടെ എത്രയോ ലേഖനങ്ങൾ ഇപ്പോഴുമുണ്ട്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാലത്ത് സ്വീകരിച്ച നിലപാട് തള്ളിപ്പറഞ്ഞതിനെയാണ് മുഖ്യമന്ത്രി വിശദീകരിക്കേണ്ടത്. ബി.ജെ.പി സർക്കാർ ഫാസിസ്റ്റ് അല്ലെന്നു പറയുന്നവരാണ് ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ വന്നിരിക്കുന്നത്. – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ലീഗ് വിരുദ്ധ പരാമർശങ്ങളാണ് പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ലീഗ് എസ്.ഡി.പി.ഐയെയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിക്കുന്നെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. എന്നാൽ യു.ഡി.എഫിനൊപ്പം നിൽക്കാൻ ആയിരം കാരണങ്ങളുണ്ടെന്നും എൽ.ഡി.എഫിനൊപ്പം നിൽക്കാൻ ഒരു കാരണം പോലുമില്ലെന്നും പാണക്കാട് തങ്ങൾ പറഞ്ഞത്. ചാടിയിട്ടും ചാടിയിട്ടും മുന്തിരി കിട്ടാതായപ്പോഴാണ് ലീഗിനെതിരെ വർഗീയത ആരോപിച്ചത്. ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് സി.പി.എം ലീഗിനെതിരെ വർഗീയ ആരോപിച്ചത്. അത് തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്.