
ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകക്കേസ് വാദം പുനരാരംഭിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ ആവശ്യപ്പെട്ട കോടതിയോട് രേഖ കാണാനില്ലെന്നായിരുന്നു സർക്കാരിൻ്റെ മറുപടി. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് സർക്കാരിനോട് ചോദിച്ച കോടതി സംഭവത്തിൽ നാളെ തന്നെ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. രേഖകൾ നഷ്ടമായെങ്കിൽ അവ കൃത്രിമമായി സൃഷ്ടിച്ച് ഹാജരാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്നും വിഷയത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.
ഇരയുടെ മരണത്തിനും എഫ്ഐആർ ഫയൽ ചെയ്യുന്നതിനും ഇടയിൽ 14 മണിക്കൂർ കാലതാമസമുണ്ടായതെങ്ങനെ എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. കേസിൽ സിബിഐയോട് സെപ്റ്റംബർ 17 നകം അന്വേഷണ പുരോഗതി വിശദമാക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ബെഞ്ച് നിർദേശിച്ചു. കൂടാതെ, ഇരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാനും ജഡ്ജിമാർ ഉത്തരവിട്ടു.