മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ തുകയും കെ.എൻ. ബാലഗോപാൽ വെട്ടിച്ചുരുക്കി എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്റെ ഭാഗമായിട്ടാണ് പൊതുവിഭ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്റെ തുകയും വെട്ടിച്ചുരുക്കിയത്.
മയക്കു മരുന്ന് വിരുദ്ധ ക്യാമ്പയിനിന് 1.50 കോടി രൂപയാണ് 2024-25 ൽ വകയിരുത്തിയത്. ഇത് 65 ലക്ഷമാക്കിയാണ് വെട്ടി കുറച്ചത്. 56.67 ശതമാനം വെട്ടി കുറച്ചു. സംസ്ഥാനത്ത് കുട്ടികൾകിടയിൽ ലഹരിയുടെ ഉപയോഗം കൂടുമ്പോഴാണ് ധനമന്ത്രി ഈ തുകയും വെട്ടിക്കുറച്ചത് എന്നതാണ് വിരോധാഭാസം.
2024-25 ലെ ബജറ്റിൽ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനെ കുറിച്ച് പറയുന്നതിങ്ങനെ ‘നമ്മുടെ കുട്ടികളേയും യുവാക്കളേയും മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് അകറ്റി നിറുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ വിവിധ ജില്ലാ, സ്കൂള്‍ തല പ്രവർത്തനങ്ങൾ നടത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. 2024- 25 ലെ പദ്ധതി പ്രവർത്തനങ്ങൾ 150 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്’.

പൊതുവിഭ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ വെട്ടികുറച്ചത് സംബന്ധിച്ച് കെ. ബാബു എംഎൽഎ മന്ത്രി ശിവൻകുട്ടിയോട് ഈ മാസം 12 ന് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ മറുപടിയിലാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്റെ തുകയും വെട്ടിക്കുറച്ച വിവരം ശിവൻകുട്ടി വ്യക്തമാക്കിയത്. സംസ്ഥാനത്ത് സ്‌ക്കൂൾ കുട്ടികൾ ഉൾപ്പെട്ട ലഹരി കേസുകൾ 154 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.