
അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; അച്ഛനും പങ്കെന്ന് സംശയം
ആലപ്പുഴ പുന്നപ്ര വാടക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ 50 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. വാടക്കൽ കല്ലുപുരക്കൽ ദിനേശനെ(50) യാണ് ശനിയാഴ്ച ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ കിരണി (27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിനേശനെ കിരൺ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. കിരണിന്റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച രാത്രി കിരണിന്റെ വീട്ടിലേക്കെത്തിയ ദിനേശനെ കൊലപ്പെടുത്തുന്നതിനായി വീടിനു സമീപം ഇലക്ട്രിക് കമ്പി ഇട്ടിരുന്നതായി പറയുന്നു. ഷോക്കേറ്റ് നിലത്തു വീണ ദിനേശന്റെ മരണം ഉറപ്പാക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് കമ്പി കൊണ്ടു കൂടി ഷോക്കടിപ്പിച്ചെന്നും പറയുന്നു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് കരപ്പുരയിടത്തിൽ ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുന്നപ്ര പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഷോക്കടിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ സംശയത്തെ തുടർന്ന് കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കിരണുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരിലൊരാൾ പ്രതിയെ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിന്റെ മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വതി എന്നിവരെയും പൊലീസ് കസ്റ്റഡയിലെടുത്തു. സ്വഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.