ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മുന്നിലെത്തുമ്പോൾ, കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) തമ്മിലുള്ള പോരാട്ടത്തിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
ഇന്ത്യൻ ബ്ലോക്കിൽ സഖ്യകക്ഷികളാണെങ്കിലും, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും പരസ്പരം മത്സരിക്കുകയായിരുന്നു. പ്രചാരണങ്ങളിൽ ഇരുകൂട്ടരും ശക്തമായ വാക്‌പോരും നടത്തിയിരുന്നു. ഇരുകൂട്ടരും ഒരുമിച്ച് ബിജെപിക്കെതിരെ മുന്നണിയാകണമെന്ന് പല നേതാക്കളും ഉപദേശിച്ചിട്ടും അതൊന്നും പ്രാവർത്തികമായിരുന്നില്ല. ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും പരിഹസിച്ചിരിക്കുകയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാവുമായ ഒമർ അബ്ദുള്ള നിങ്ങൾ തമ്മിൽ ഇനിയും വഴക്കിട്ടോളൂ! എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
![Omar Abdullah X Post about Delhi Election result](https://malayalammedia.live/wp-content/uploads/2025/02/Omar-Abdullah-X-Post.jpg)
ബിജെപിയെന്ന പാർട്ടി പോലെതന്നെ കോൺഗ്രസിന്റെ പ്രധാന എതിർചേരിയാണ് ആം ആദ്മി പാർട്ടിയും. യുപിഎ ഭരണത്തിന് അന്ത്യം കുറിക്കാൻ ബിജെപിയെപ്പോലെ തന്നെ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയും കാരണമായി എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ബിജെപിയെ ക്ഷയിപ്പിച്ച് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയാലും കോൺഗ്രസിന്റെ എതിർചേരിയിൽ തന്നെയായിരിക്കും ആം ആദ്മി പാർട്ടി എന്ന നിലയിലാണ് കോൺഗ്രസിന്റെ അരവിന്ദ് കെജ്രിവാൾ വിരുദ്ധ നിലപാട്. ഡൽഹിയിൽ കോൺഗ്രസ് നിർത്തിയ അൽക ലാംബ പോലുള്ള സ്റ്റാർ സ്ഥാനാർത്ഥികൾ പോലും ബിജെപിക്കും ആപ്പിനും ഇടയിൽ നിഷ്പ്രഭരായി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
ഡൽഹിയിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രവും പകിട്ട് മങ്ങിയില്ലെന്ന് സാക്ഷ്യപ്പെടുത്തി ഡൽഹിയിൽ ബിജെപിക്ക് മുന്നേറ്റം. 70 സീറ്റുകളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ 43 സീറ്റുകളിൽ ബിജെപി മുന്നിൽ. 27 സീറ്റുകളുമായി നിലവിലെ ഭരണപാർട്ടി ആം ആദ്മി പാർട്ടി രണ്ടാമതും. ഒരു സീറ്റ് പോലുമില്ലാതെ നാല് ശതമാനം വോട്ടുകൾ മാത്രം നേടി കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്.
തലസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരുമെന്ന് ബിജെപി നേതാക്കൾ ഉറപ്പിച്ച് പറയുന്നു. 2020 ൽ എട്ട് സീറ്റ് മാത്രം നേടി പ്രതിപക്ഷത്ത് ഇരുന്ന ബിജെപിക്കാണ് ഇത്തവണ 43 സീറ്റിലേക്ക് മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ആം ആദ്മി പാർട്ടി 62 സീറ്റിൽ നിന്നാണ് 27ലേക്ക് വീഴുന്നത്. 2020ലേത് പോലെ തന്നെ കോൺഗ്രസ് പൂജ്യം സീറ്റിൽ പോരാട്ടം അവസാനിപ്പിക്കുമെന്ന് തന്നെയാണ് വോട്ടെടുപ്പ് ദിവസത്തിൽ ആദ്യത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി മുന്നേറുന്ന മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം ആയിരത്തിന് താഴെയാണ് എന്നുള്ളതാണ് ആംആദ്മി പാർട്ടി പ്രതീക്ഷവെക്കുന്നത്. ആംആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ അവരവരുടെ മണ്ഡലങ്ങളിൽ വിയർക്കുന്നുണ്ട്.