ആദായ നികുതി സ്ലാബിൽ മാറ്റങ്ങൾ ഉണ്ടാകുമോ ,അതോ സഖ്യകക്ഷികൾക്ക് വാരികോരി കൊടുക്കുമോ? നിർമല സീതാരാമൻ്റെ ബജറ്റിൽ പ്രതീക്ഷയോടെ സഖ്യകക്ഷികൾ

Nirmala Sitharaman

നിർമല സീതാരാമൻ്റെ എട്ടാം ബജറ്റ് സഖ്യകക്ഷികൾക്ക് വാരികോരി നൽകുന്ന ബജറ്റ് ആകുമോ അതോ ജനകീയ ബജറ്റ് ആകുമോ? തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന റെക്കോഡ് ഇന്ന് നിർമല സീതാരാമൻ സ്വന്തമാക്കുമ്പോൾ മധ്യവർഗത്തിന് അനുകൂലമായ കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദായ നികുതി സ്ലാബിലെ മാറ്റം,വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് സൂചന.

നിലവിലെ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്.

പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

കഴിഞ്ഞ ബജറ്റിൽ സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന്‍ കൈയയച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു. ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തി. ഇത്തവണയും ഇവർക്ക് വാരികോരി നൽകിയേക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments