കെ. എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബി!പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പദ്ധതിയിൽ കടും വെട്ട്; വെട്ടികുറച്ചത് 112 കോടി

Kerala Finance Minister KN Balagopal

ന്യൂനപക്ഷ സ്കോളർഷിപ്പ്, പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതികൾ എന്നിവ വെട്ടിക്കുറച്ചതിന് പിന്നാലെ പട്ടികവർഗ പദ്ധതിയിലും വ്യാപക വെട്ടി നിരത്തൽ. 112 കോടി രൂപയുടെ വെട്ടി കുറവാണ് നടത്തിയത്.

ജനുവരി 22 ന് ഇത് സംബന്ധിച്ച ഉത്തരവ് സെക്രട്ടറിയേറ്റിലെ പട്ടികവർഗ വികസന വകുപ്പിൽ നിന്നും ഇറങ്ങി.ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖാപിച്ച പ്ലാൻ ബി യുടെ ഭാഗമായാണ് വെട്ടി നിരത്തൽ.

ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്യാൻ ബജറ്റിൽ 4.50 കോടി വകയിരുത്തിയത് 2.50 കോടിയായി വെട്ടി കുറച്ചു.

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന തെരഞ്ഞെടുത്ത പ്രതിഭാധനരായ പട്ടികവർഗ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് പദ്ധതിക്ക് 85 ലക്ഷം രൂപയായിരുന്ന ബജറ്റ് വിഹിതം 60 ലക്ഷമാക്കി വെട്ടി കുറച്ചു. എകദേശം 1000 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ സഹായം ലഭിക്കുന്നത്.

പത്താം ക്ലാസ് , പ്ലസ് ടു , ബിരുദം, ഗവേഷണം, പ്രൊഫഷണൽ കോഴ്സ് തുടങ്ങിയവക്ക് കൂടുതൽ മാർക്ക് അല്ലെങ്കിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന സമർത്ഥരായ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോൽസാഹനം നൽകുന്നതിൽ ബജറ്റിൽ 1.15 കോടി വകയിരുത്തിയിരുന്നു. ഇത് 95 ലക്ഷമാക്കി വെട്ടി കുറച്ചു. 750 വിദ്യാർത്ഥികൾക്ക് സഹായം കിട്ടുന്ന പദ്ധതിയാണിത്.

പട്ടികവർഗ യുവജനങ്ങൾക്ക് സ്വയം തൊഴിലിനും നൈപുണ്യ വികസന പരിശിലനത്തിനുമായി 9 കോടി ബജറ്റിൽ വകയിരുത്തിയത് 5.10 കോടിയായി കുറച്ചു.

വിദ്യാസമ്പന്നരായ പട്ടിക വരക്കാർക്കിടയിൽ സംരംഭകത്വവും സ്റ്റാർട്ടപ്പുകളും പ്രോൽസാഹിപ്പിക്കാൻ ബജറ്റിൽ 2 കോടി വകയിരുത്തിയിയ ഉന്നതി എന്ന പദ്ധതിക്ക് ഒരു തുകയും കൊടുക്കണ്ട എന്നാണ് പുതിയ ഉത്തരവ്.

വ്യോമയാന മേഖലയിലെ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള നൈപുണ്യ വികസന പദ്ധതിയായി വിംഗ്സിന് ബജറ്റിൽ 2 കോടി വകയിരുത്തിയത് 1 കോടിയായി വെട്ടിക്കുറച്ചു.

വരുമാനദായക കാർഷിക ഉദ്യമത്തിന് 8.50 കോടി വകയിരുത്തിയത് 5.50 കോടിയായി വെട്ടിച്ചുരുക്കി. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അധിക തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന കേരള ട്രൈബൽ പ്ലസ് എന്ന പദ്ധതിക്ക് 35 കോടി ബജറ്റിൽ ഉണ്ടായിരുന്നത് 31 കോടിയായി കുറച്ചു.

ലൈഫ് മിഷൻ പദ്ധതി ആരംഭിക്കുന്നതിന് മുൻപ് പട്ടികവർഗ വികസനവകുപ്പ് മുൻ വർഷങ്ങളിൽ ഏറ്റെടുത്ത വീടുകളുടെ നിർമ്മാണം പൂർത്തികരിക്കുന്നതിനും തകർന്ന വീടുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനും ബജറ്റിൽ 70 കോടി വകയിരുത്തിയത് 53 കോടിയായി വെട്ടി കുറച്ചു.

ഭൂരഹിതരായ പട്ടിക വർഗക്കാരുടെ പുനരധിവാസത്തിന് 42 കോടി ബജറ്റിൽ വകയിരുത്തിയത് 22 കോടിയായി കുറച്ചു.

സംസ്ഥാനത്തെ ആദ്യ പട്ടികവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സമഗ്ര വികസന പാക്കേജിന് 5 കോടി ബജറ്റിൽ വകയിരുത്തിയത് 2 കോടിയായി വെട്ടിക്കുറച്ചു.

പ്രൈമറി സ്ക്കൂളിൽ ഗോത്ര വിഭാഗ അധ്യാപകരുടെ സേവനം നൽകുന്ന ഗോത്രബന്ധു പദ്ധതിക്ക് 6 കോടി ബജറ്റ് വിഹിതം ഉണ്ടായിരുന്നത് 5.14 കോടിയായി കുറച്ചു.വയനാട് ഗോത്ര ഭാഷ പഠന കേന്ദ്രത്തിന് 4 ലക്ഷം ബജറ്റിൽ വകയിരുത്തിയത് പൂർണ്ണമായും വെട്ടിക്കുറച്ചു.

പട്ടികവർഗ പെൺകുട്ടികൾക്ക് സാമൂഹികവും സാമ്പത്തികവും ആയ സുരക്ഷിതത്വം നൽകുകയും ജനനം മുതൽ ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ സമ്രമായ വികസനം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗോത്ര വാൽസല്യ നിധിക്ക് 50 ലക്ഷമായിരുന്നു പദ്ധതി വിഹിതം. ഈ പദ്ധതിയുടെ തുകയും പൂർണ്ണമായി വെട്ടി കുറച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments