
മലയാളി ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി വനിതാ ബിഷപ്പ്; ജോണ്‍ പെരുമ്പളത്ത് രാജിവെച്ചു
യുകെയിൽ മലയാളി ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ വിവാദവും രാജിയും. ലിവർപൂൾ ബിഷപ്പും വയനാട് മാനന്തവാടി സ്വദേശിയുമായ ഡോ. ജോൺ പെരുമ്പളത്തിനെതിരേയാണ് വനിത ബിഷപ്പ് ഉൾപ്പെടെയുള്ള സ്ത്രീകൾ രംഗത്തുവന്നത്.
ചാനൽ 4 ടെലിവിഷൻ നടത്തിയ അന്വേഷണത്തിലാണ് വനിത ബിഷപ്പടക്കം രണ്ട് സ്ത്രീകൾ ജോൺ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്. ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ പ്രാധാന്യത്തെടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സഭയുടെ ഉത്തമ താൽപര്യത്തെക്കരുതി താൻ രാജി വെക്കുകയാണെന്ന് ജോൺ പെരുമ്പളം പ്രതികരിച്ചു. ജോൺ പെരുമ്പളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അംഗീകരിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പുമാരുടെ നിയമനാധികാരി രാജാവാണ്.
ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചത് വാറിംഗ്ടൺ രൂപതയുടെ വനിത ബിഷപ്പായ ബെവ് മേസൺ ആണെന്നാണ് അറിയുന്നത്. ജോൺ പെരുമ്പളത്തിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്ന് ബെവ് മേസൺ കുറ്റപ്പെടുത്തി.
സഭാ നേതൃത്വത്തെ കുറ്റപ്പെട്ടുത്തിക്കൊണ്ട് അവർ തുറന്ന കത്ത് എഴുതിയിരുന്നു. തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോൺ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതൽ 2023 ബിഷപ്പ് ജോൺ ബ്രാഡ്വെൽ രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയതെന്നാണ് പരാതി.
2023ലാണ് ലിവർപൂൾ ബിഷപ്പായി പെരുമ്പളത്ത് ചുമതലയേൽക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. 2023ൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് നാഷണൽ സെയ്ഫ് ഗാർഡിംഗ് ടീംസ് ഉൾപ്പടെ അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ്. അടിസ്ഥാന രഹിതമായ മാധ്യമ വിചാരണയും കുറ്റപ്പെടുത്തലുമാണ് നടക്കുന്നത്. സഭയുടെയും തന്റെ കുടുംബത്തിന്റേയും ഉത്തമ താൽപര്യത്തെ കരുതിയാണ് ബിഷപ്പ് സ്ഥാനം രാജിവെക്കുന്നതെന്നും 59 കാരനായ ജോൺ പെരുമ്പളത്ത് വ്യക്തമാക്കി. വയനാട്ടിലെ മാനന്തവാടി സ്വദേശിയാണ് ജോൺ പെരുമ്പളത്ത്.