കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ മറ്റൊരു മാറ്റം കൂടി സംഭവിക്കുന്നു. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ നിന്ന് പുറത്തുവരാൻ തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടി ബിഡിജെഎസ്. മുന്നണിക്കുള്ളിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ഇതിനി സഹിച്ച് നിൽക്കേണ്ടതില്ല എന്നുമാണ് പൊതുവേയുള്ള വികാരം. ബിഡിജെഎസ് കോട്ടയം ജില്ലാ പ്രവർത്ത ക്യാമ്പിൽ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
ഇനി ഇത് ബിഡിജെഎസ് മറ്റ് ശക്തി കേന്ദ്രങ്ങളിലും ആവർത്തിക്കും. കഴിഞ്ഞ ഒമ്പത് വർഷമായി അവഗണിക്കുകയാണെങ്കിലും അർഹതപ്പെട്ട സ്ഥാനമാനങ്ങൾ പോലും പാർട്ടിക്ക് ബിജെപി നൽകിയില്ലെന്നുമാണ് കോട്ടയം ജില്ല പ്രവർത്തന ക്യാമ്പിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. മറ്റ് മുന്നണികളിലേക്കുള്ള സാധ്യതകൾ പരിഗണിക്കണമെന്ന് നേതാക്കൾ പറയുമ്പോൾ സിപിഎമ്മിനോട് ചേർന്ന് എൽഡിഎഫിലേക്കാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ നീക്കം.
നിലവിൽ ഇടത് എംഎൽഎയായി എൻസിപിയുടെ തോമസ് കെ തോമസ് ഇരിക്കുന്ന കുട്ടനാട് സീറ്റിൽ കണ്ണുവെച്ചാണ് ബിഡിജെഎസിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങൾ. എൻസിപിയിൽ നിന്ന് കുട്ടനാട് സീറ്റ് മാറ്റണമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേഷൻ നടത്തിയ പരസ്യ പ്രസ്താവന ഇതിന്റെ സൂചനയാണ്. തോമസിൽ നിന്ന് തുഷാറിലേക്ക് കുട്ടനാട് സീറ്റ് എത്തിക്കാനാണ് ചരടുവലികൾ.
എസ്എൻഡിപിക്ക് ആശ്വാസ്യകരമായ സമുദായ പിന്തുണയുള്ള മണ്ഡലമാണ് കുട്ടനാട്. ഇവിടെ ഇനിയും ഇടക്കിടക്ക് പിണറായി വിജയന് തലവേദയുണ്ടാക്കുന്ന തോമസ് കെ തോമസിനെ വാഴിക്കാതെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വെള്ളാപ്പള്ളി നടേശന്റെ ഇംഗിതത്തിലുള്ള പാർട്ടിക്ക് നൽകുന്നതിൽ സിപിഎം ജില്ലാ നേതൃത്വത്തിനും എതിർപ്പുണ്ടാകാനിടയില്ല.