NationalNewsReligion

ദിവസവും 50,000പേർക്ക് ഭക്ഷണം: ലോകത്തിലെ ഏറ്റവും വലിയ സൗജന്യ അടുക്കള ഇന്ത്യയിൽ

ഇന്ത്യയുടെ പരമ്പരാ​ഗത ആചാരത്തെയും പൈതൃകത്തെയും മുറുകെ പിടിക്കുന്ന ശിൽപചാതുര്യമാണ് അമൃത്സറിലെ ​’ഗോൾഡൻ ടെമ്പിൾ’. പൈതൃകത്തെ മുറുകെ പിടിക്കുന്ന പോലെ കരുണകൊണ്ട് ആളുകളെ ചേര്‍ത്തുപിടിക്കുന്ന ഒരു ചരിത്രമുണ്ട് ഗോൾഡൻ ടെമ്പിളിന്. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ അടുക്കള അഥവാ കമ്മ്യൂണിറ്റി കിച്ചൺ ഗോൾഡൻ ടെമ്പിളിലാണ് ഉള്ളത്. ‘ലംഗർ’ എന്നാണ് ഇത് അറിയപ്പെടുന്നത്. 50,000 മുതൽ 100,000 വരെയുള്ള ആളുകൾക്കാണ് അവിടെ ദിവസവും ഭക്ഷണം വിളമ്പുന്നത്. വിശന്നുവരുന്ന ആർക്കും ഇവിടുന്ന് വെറുംവയറുമായി പോവേണ്ട ആവശ്യം വരാറില്ല.

സൗജന്യമായി ഭക്ഷണം നൽകുന്നത് സിഖ് മതത്തിൻ്റെ ഒരു ആചാരവും സേവനവുമായിട്ടാണ് അവർ കാണുന്നത്. ഏത് മതസ്ഥർക്കും ഇവിടെ എത്തി ഭക്ഷണം കഴിക്കാം. 1481-ൽ സിഖ് ഗുരുവായ ഗുരു നാനാക്ക് ആണ് ലം​ഗർ ആചാരം ആദ്യമായി കൊണ്ടുവന്നത്. പിന്നീട് ലോകമെമ്പാടുമുള്ള സിഖ് മതത്തിൻ്റെ അനുയായികളോട് ഇതേ ആചാരം പിന്തുടരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ആഴ്ച്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലം​ഗർ പ്രവർത്തിക്കുന്നുണ്ട്.

വെജിറ്റേറിയൻ വിഭവങ്ങളാണ് അവിടെ നൽകി വരുന്നത്. ദാൽസബ്ജിചപ്പാത്തിഖീർ എന്നിവയാണ് പ്രധാന വിഭവങ്ങൾ. ആളുകളെ നിലത്തിരുത്തിയാണ് ഭക്ഷണം വിളമ്പുന്നത്. ഏകദേശം 300 ആളുകളാണ് ഭക്ഷണം പാകം ചെയ്യാനായി അവിടെയുള്ളത്. ബാക്കിയുള്ള സന്നദ്ധപ്രവർത്തകർ ഭക്ഷണം പാകം ചെയ്ത് കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ലെബനനിലെ ഒരു ഭക്തൻ സംഭാവന ചെയ്ത ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രം ഇവിടെയുണ്ട്. ഒരു മണിക്കൂറിനുള്ളിൽ 25,000 ചപ്പാത്തി തയ്യാറാക്കാൻ കഴിയും എന്നതാണ് പ്രത്യേകത. മാവ് അരിച്ചെടുക്കാനും കുഴയ്ക്കാനും ചപ്പാത്തി തയ്യാറാക്കാനും കൂറ്റൻ യന്ത്രങ്ങൾ വേറെയുമുണ്ട്. സാധാരണ ദിവസങ്ങളിൽ 5000 കിലോ ഗോതമ്പ്, 2000 കിലോ പയർ, 1400 കിലോ അരി, 700 കിലോ പാൽ, 100 ഗ്യാസ് സിലിണ്ടറുകൾ എന്നിവ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കാറുണ്ട്. ‘ഗോൾഡൻ ടെമ്പിളിൽ’ ഇപ്പോഴും പിൻതുടർന്നു പോരുന്ന ലംഗർ സേവനത്തെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുകയും പലരും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *