തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ ആതിരയെന്ന യുവതിയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞ് പോലീസ്. കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് ആതിരയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഇൻസ്റ്റ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്. കൊല്ലപ്പെട്ട യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ.
മൂന്നുകൊല്ലമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുന്നയാളാണ് ഒളിവിൽ പോയിരിക്കുന്ന ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ കൊണ്ടുപോയ ആതിരയുടെ സ്‌കൂട്ടർ നേരത്തെ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. വാഹനം അവിടെ വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറഞ്ഞു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി.
നേരത്തെ യുവതി ജോൺസനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു.
പിന്നീടാണ് യുവതിയെ എന്തോ നൽകി മയക്കിയതിന് ശേഷം കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അന്നേദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉള്ള ആളാണ് പ്രതി ജോൺസൺ. യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്.