സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ദിവസം സ്കൂളിന് അവധി പ്രഖ്യാപിച്ച സംഭവത്തിൽ പ്രധാന അധ്യാപകന് സസ്പെൻഷൻ. തിരുവനന്തപുരം വട്ടിയൂർക്കാവ് സർക്കാർ എല്‍.പി സ്കൂളിലെ പ്രധാന അധ്യാപകനായ ജിനിൽ ജോസിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അധ്യാപകന്റെ ഭാഗത്തുനിന്ന് അധികാര ദുർവിനിയോഗവും അച്ചടക്കമില്ലായ്മയും ഉണ്ടായെന്ന് പറഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ അവധി പ്രഖ്യാപിച്ച് അത് വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നായിരുന്നു ജിനില്‍ ജോസിനെതിരെയുള്ള പരാതി.
മേലധികാരികളുടെ അറിവില്ലാതെ അവധി നൽകിയത് വകുപ്പിന് കളങ്കം ഉണ്ടാക്കുന്ന നടപടിയാണ് എന്ന് ഉത്തരവിൽ പറയുന്നു. വിവിധ സര്‍വീസ് സംഘടനകളുടെ പണിമുടക്കില്‍ സ്‌കൂളിലെ എല്ലാ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ അന്ന് സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു അധ്യാപകന്‍ വാട്‌സാപ്പ് സന്ദേശം അയച്ചത്.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടർ സുബിൻ പോൾ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളുടെ അക്കാദമിക മികവും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകാനിടയായത് വകുപ്പിന് തന്നെ കളങ്കം ചാർത്തുന്ന സംഭവമാണെന്നും ഉത്തരവിൽ പറയുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ മേലധികാരികളുടെ അനുവാദം കൂടാതെ സ്കൂളിന് അവധി നൽകി സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കാനിടയായതിലൂടെ പ്രഥമാധ്യാപകൻ ജെ.ജിനിൽ ജോസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗവും, അച്ചടക്കമില്ലായ്മയും, കൃത്യ വിലോപവും ഉള്ളതായി ബോധ്യപ്പെട്ടന്നും ഉത്തരവിൽ പറയുന്നു. ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.