പാലക്കാട് 71 വയസ്സുള്ള നബീസയെ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ. നബീസയുടെ മകളുടെ മകൻ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. റമദാൻ നോമ്പുകാലത്ത് പ്രതികളുടെ വാടക വീട്ടിൽ വിളിച്ചുവരുത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. കഴിക്കാൻ വിസമ്മതിച്ചപ്പോൾ ബലംപ്രയോഗിച്ച് കഴിപ്പിക്കുകയും മരണം ഉറപ്പാക്കിയതിന് ശേഷം ഉപേക്ഷിക്കുകയുമായിരുന്നു ചെയ്തത്. പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2016 ജൂൺ 24നു രാവിലെയാണു മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാട് ഭാഗത്ത് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഫസീലയുടെ 43 പവൻ സ്വർണാഭരണം കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണു ഫസീല പറഞ്ഞിരുന്നത്.
അതേസമയം ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഒരു ബന്ധുവിന്റെ ആഭരണം നഷ്ടമായ സംഭവത്തിൽ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണു നബീസയെ ഇല്ലാതാക്കാൻ ഫസീല തീരുമാനിച്ചത്. നബീസയുടെ മരണത്തോടെ തന്റെ ചീത്തപ്പേരുകൾ മാറുമെന്ന കണക്കുകൂട്ടലിലാണു കൊലപാതകം ചെയ്തത്.
2016 ജൂൺ 21നു മണ്ണാർക്കാട് നൊട്ടന്മലയിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയ നബീസയെ 22നു ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.
ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി. ബലപ്രയോഗത്തിനിടെ നബീസയുടെ കൈക്കും തലയ്ക്കും പരുക്കേറ്റു. പുലർച്ചെയോടെ മരണം ഉറപ്പാക്കി. അന്നു മൃതദേഹം ബഷീറിന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചു. 23നു പുലർച്ചെ ഒരു മണിയോടെ കാറിൽ ബഷീറും ഭാര്യ ഫസീലയും ചേർന്ന് മൃതദേഹംഉപേക്ഷിച്ചു. നബീസയെ കാണാനില്ലെന്നു പരാതിപ്പെടാനും മൃതദേഹം കണ്ടെത്തിയപ്പോൾ പൊലീസിനു മൊഴിനൽകാനും മുന്നിലുണ്ടായിരുന്നതു ബഷീറാണ്. ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണിലെ കോൾ ലിസ്റ്റും പരിശോധിച്ചാണു പൊലീസ് പ്രതികളിലേക്ക് എത്തിയത്.
കൂടത്തായിക്ക് സമാനം
കൂടത്തായി കേസിന് സമാനതയുള്ളതാണ് നബീസ വധക്കേസെന്ന് വിലയിരുത്തി അന്വേഷണസംഘം. നേരത്തെ ഭർത്താവിന്റെ പിതാവ് മുഹമ്മദിന് രണ്ടു വർഷത്തോളം വിഷപദാർഥം ചെറിയ അളവിൽ നൽകി കൊലപ്പെടുത്താൻ ഫസീല ശ്രമിച്ചിരുന്നു. ഈ കേസിൽ ഇവർ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭർത്താവിന്റെ മാതാവിന്റെ മരണത്തിലും ഫസീലയ്ക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. തൃപ്പൂണിത്തുറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018ൽ കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപത്തെ ഫ്ലാറ്റിൽനിന്നു സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.