ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിൽ ജനുവരി 20 തിങ്കളാഴ്ച്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ചാണ് അവധി. ഈ ദിവസം ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
ഇരുപതിനാണ് ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ പതിനായിരങ്ങൾ എത്തിച്ചേരുന്ന തിരുനാൾ മഹോത്സവം. രാവിലെ 11ന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. വൈകിട്ട് 3ന് കണ്ണൂർ രൂപത വികാരി ജനറൽ ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമികത്വം വഹിക്കുന്നതാകും തിരുനാൾ ദിവ്യബലി.
വിശുദ്ധ സെബസ്ത്യാനോസിന്റെ 379മത് മകരം തിരുനാൾ കൊണ്ടാടാൻ എത്തുന്നത് പതിനായിരക്കണക്കിന് വിശ്വാസികളാണ്. ഈ മാസം പത്തിന് തിരുനാളിന് കൊടിയേറിയത് മുതൽ ഭക്തരുടെ തിരക്ക് തുടരുകയാണ്. ഇരുപത്തിയേഴാം തീയതി നടക്കുന്ന എട്ടാമിടത്തോടെ തിരുനാൾ ആഘോഷത്തിന് കൊടിയിറങ്ങും. തിരുനാൾ ആഘോഷം തുടരുന്നതിനാൽ കുമ്പസാരത്തിനായി പുതിയ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.