KeralaKerala Assembly NewsNews

പിണറായിയുടെ പോലിസ് ഭരണം കെങ്കേമം! 23 പുരസ്കാരങ്ങൾ നൽകി മോദി സർക്കാർ

കേരള പോലിസിൻ്റെ ഭരണ മികവിന് കഴിഞ്ഞ 8 വർഷത്തിൽ 23 പുരസ്‌കാരം നൽകി മോദി സർക്കാർ. നിയമസഭയിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉയർത്തിയ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സജീവമായ ഇടപെടൽ നടത്തിയതിനാണ് അവസാനം ലഭിച്ച പുരസ്‌കാരം. 2024 സെപ്റ്റംബർ 10 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ പുരസ്കാരം നൽകിയത്.

സംസ്ഥാന പോലീസിന് കഴിഞ്ഞ എട്ട് വർഷമായി ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ഏതെങ്കിലും പുരസ്കാരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് പോലീസ് 23 പുസ്കാരം നേടിയ ലിസ്റ്റ് സഭയിൽ സമർപ്പിച്ചത്.

പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷൻ കേരള പോലീസിന് ലഭിച്ചു. 2023-ലെ “ഗുഡ് പ്രാക്ടിസസ് ഇൻ സിസിടിഎൻഎസ് & ഐസിജെഎസ്” അവാർഡ് ലഭിച്ചു. തൃശൂരിലെ പോലീസ് അക്കാദമി നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള ദക്ഷിണ മേഖലയിലെ മികച്ച പരിശീലന കേന്ദ്രത്തിനുള്ള പുരസ്കാരം നേടി. നഗരകാര്യ മന്ത്രാലയം നൽകുന്ന ‘സേവ് അവർ ഫെലോ ട്രാവലർ’ പുരസ്‍കാരം ലഭിച്ചു. 2019-ൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റി ജില്ലയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ നടത്തിയ സ്മാർട്ട് യൂസ് ഓഫ് ഫിംഗർപ്രിൻ്റ് സയൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ മത്സരത്തിൽ കേരളാ പോലീസിന് മൂന്നാം സ്ഥാനം ലഭിച്ചു. ആലപ്പുഴ വെൺമണി ഇരട്ടക്കൊലപാതക കേസ് തെളിയിച്ചതിൽ വിരലടയാള വിദഗ്ദ്ധരുടെ വൈദഗ്ദ്ധ്യം വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്.

നിയമ നിർവ്വഹണ ഏജൻസികൾക്ക് കാര്യക്ഷമതാ പരിപോഷണത്തിനായി മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് കേരളാ പോലീസ് സൈബർഡോമിന് 2020-ലെ ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ് ലഭിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ 2018- ലെ രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കണ്ണൂർ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു. 2019-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റി ജില്ലയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

നിയമ നിർവ്വഹണ ഏജൻസികൾക്ക് കാര്യക്ഷമതാ പരിപോഷണത്തിനായി മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് കേരളാ പോലീസ് സൈബർഡോമിന് 2020-ലെ ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ് ലഭിച്ചു.

വാർത്താ വിനിമയം, വിവര സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളാ പോലീസിൻ്റെ സോഷ്യൽ മീഡിയാ സെല്ലിനും സൈബർ ഡോമിനും 2020-21 വർഷത്തെ ദേശീയ ഇ ഗവേണൻസ് അവാർഡ് ലഭിച്ചു.

2021-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. 2020-21-ലെ നാഷണൽ ഇ-ഗവേണൻസ് അവാർഡ് കേരളാ പോലീസിലെ സോഷ്യൽ മീഡിയാ സെല്ലിനും സൈബർ ഡോമിനും ലഭിച്ചു. 2022-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ഷോളയൂർ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

ക്രമസമാധാന പാലനം, കുറ്റകൃത്യ നിയന്ത്രണം, വി.ഐ.പി. സുരക്ഷ എന്നീ മേഖലകളിലെ പ്രവർത്തന മികവിന് കണ്ണൂർ സിറ്റിയിലെ ചക്കരക്കൽ പോലീസ് സ്റ്റേഷന് ISO സർട്ടിഫിക്കറ്റ് ലഭിച്ചു. സംസ്ഥാനത്ത് ഐ.എസ്.ഒ. അംഗീകാരം ലഭിക്കുന്ന ആദ്യ എസ്.പി. ഓഫീസായി കൊല്ലം സിറ്റി ജില്ലാ പോലീസ് ഓഫീസ് 26.12.2017-ൽ തെരഞ്ഞെടുത്തു. ജനകീയ പോലീസ് പദ്ധതികളോടൊപ്പം, ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ പദ്ധതിയും വിജയകരമായി നടപ്പിലാക്കിയതിന് കോഴിക്കോട് സിറ്റിയിലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷന് ISO 9001:2005 അംഗീകാരം ലഭിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ 2023- ലെ രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്നായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ ISO അംഗീകാരം ലഭിക്കുന്ന ആദ്യ സ്റ്റേഷനായി എരുമേലി പോലീസ് സ്റ്റേഷൻ മാറി. സൈബർ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് സൈബർ ഡോമിന് 150 അംഗീകാരം ലഭിച്ചു. കോവിഡ്-19 മഹാമാരിക്കാലത്ത് ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ പ്രവർത്തന മികവിന് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പോലീസ് സ്റ്റേഷന് ISO അംഗീകാരം ലഭിച്ചു.

കുറ്റകൃത്യങ്ങളുടെ കണ്ടെത്തലും പ്രതിരോധവും ക്രമസമാധാന പാലനം, പൊതു ജനങ്ങൾക്കായി ആധുനിക സൗകര്യങ്ങൾ ഒരുക്കുക, ഹരിത പ്രോട്ടോക്കോൾ, കൃഷി, വിദ്യാഭ്യാസം മറ്റ് സേവനങ്ങൾ എന്നിവയിലെ മികവിന് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷന് ഐഎസ്ഒ 9001: 2018 സർട്ടിഫിക്കറ്റ് ലഭിച്ചു. ശാസ്താംകോട്ട, ചവറ, കോഴിക്കോട് ടൗൺ, എരുമേലി, ചക്കരയ്ക്കൽ, മുട്ടം, മാരാരിക്കുളം, കൊരട്ടി എന്നീ പോലീസ് സ്റ്റേഷനുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ചു.

കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, കൃത്യമായ ക്രമസമാധാന പാലനം, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള മികവ്, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പൊതുജന സേവനം എന്നിവ പരിഗണിച്ച് തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന് ഐ.എസ്.ഒ. പുരസ്കാരം ലഭിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുരസ്കാരം കേരള പോലീസിന് ലഭിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. എന്നിവർ ചേർന്ന് സെപ്റ്റംബർ 10 ന് പ്രസ്തുത അവാർഡ് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *