ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മരപ്പണിക്കാരൻ വാരിസ് അലി സല്‍മാനി പോലീസ് കസ്റ്റഡിയില്‍.
അക്രമസംഭവത്തിനു രണ്ടു ദിവസം മുൻപ് സെയ്ഫ് അലി ഖാന്‍റെ ഫ്ളാറ്റില്‍ ഇയാള്‍ മരപ്പണി നടത്തിയിരുന്നു. പ്രതിയെ ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. നടന്‍റെ വീട്ടിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മോഷണമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും അധോലോക സംഘങ്ങള്‍ക്കൊന്നും അക്രമവുമായി ബന്ധമില്ലെന്നും മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി യോഗേഷ് കദം പറഞ്ഞു.
പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം നടക്കുന്നത്. സെയ്ഫ് ഉറങ്ങി കിടക്കുന്ന സമയമാണ് അക്രമി വീടിനുള്ളില്‍ കടന്നതെന്നും ആദ്യം വീട്ടിലെ സഹായിയുമായി തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായി എന്നും മുംബൈ പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതിനിടയില്‍ സംഭവം തടയാൻ ചെന്ന സെയ്ഫിനെ മോഷ്ടാവ് അക്രമാസക്തനായി സെയ്ഫിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടന്‍ തന്നെ സഹായികളും സംഭവമറിഞ്ഞെത്തിയ മൂത്ത മകന്‍ ഇബ്രാഹിമും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിചാരകരില്‍ ഒരാള്‍ക്കും കുത്തേറ്റിട്ടുണ്ട്.
സെയ്ഫിന്റെ വീട്ടിലുണ്ടായിരുന്ന മൂന്ന് പരിചാരകരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണശ്രമം തന്നെയാണോ എന്ന് ആദ്യഘട്ടത്തില്‍ സംശയമുയര്‍ന്നെങ്കിലും മോഷണശ്രമമാണ് നടന്നത് എന്ന് സെയ്ഫ് അലി ഖാന്റെ ടീം വ്യക്തമാക്കി.