ഊഞ്ഞാലിൽ കുടുങ്ങി 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ സ്വദേശികളായ അഭിലാഷ് – ധന്യ ദമ്പതികളുടെ മകൻ കശ്യപ് ആണ് മരിച്ചത്. അരൂർ സെന്റ് അഗസ്റ്റിയൻസ് സ്‌കൂളിലെ അഞ്ചാം വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മരിക്കുന്നതിന് മുൻപ് ട്യൂഷൻ ക്ലാസിലെത്തിയപ്പോഴും കുട്ടി സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷൻ ടീച്ചർ പൊലീസിന് നൽകിയ മൊഴി.
കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.